തെരുവുനായ്ക്കളെ പിടിക്കാൻ വയനാട് ജില്ല പഞ്ചായത്ത് പദ്ധതി
text_fieldsനൂൽപുഴ: തെരുവുനായ് ശല്യം രൂക്ഷമായതോടെ നിയന്ത്രണ നടപടികളുമായി ജില്ല പഞ്ചായത്ത്. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ തെരുവുനായ് ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ ഉദ്ഘാടനം നൂൽപുഴയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലയിൽ പേവിഷബാധ മൂലം മരണം റിപ്പോർട്ട് ചെയ്ത നൂൽപ്പുഴ പഞ്ചായത്ത് പ്രദേശത്താണ് ഈ വർഷത്തെ പദ്ധതി തുടങ്ങുന്നത്.
ഓരോ പ്രദേശത്തുമുള്ള തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണവും പേവിഷബാധക്കെതിരെ കുത്തിവെപ്പും നടത്തി മൂന്നുദിവസം സംരക്ഷിച്ച ശേഷം പിടിച്ചസ്ഥലത്തുതന്നെ തിരിച്ചുകൊണ്ടുവിടുന്ന തരത്തിലാണ് പദ്ധതി. ഇതിന്റെ നടത്തിപ്പിന് ആവശ്യമായ വെറ്ററിനറി ഡോക്ടർമാർ, ഓപറേഷൻ തിയറ്റർ സഹായികൾ, നായ് പിടിത്തക്കാർ എന്നിവരെ കരാറടിസ്ഥാനത്തിൽ ജില്ല പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളുമായി വിശദമായി ചർച്ച ചെയ്താണ് പദ്ധതി ആരംഭിച്ചത്.
പദ്ധതിക്കു വേണ്ട മുഴുവൻ ചെലവും ജില്ല പഞ്ചായത്താണ് വഹിക്കുന്നത്. അടുത്ത വർഷം മുതൽ ജില്ലയിലെ 23 പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും പദ്ധതി വിഹിതം ഉൾക്കൊള്ളിച്ച് സംയോജിത പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിലെ തെരുവുനായ് ശല്യം പൂർണമായും പരിഹരിക്കുന്നതിനും ജില്ലയെ പേവിഷ മുക്തമാക്കി മാറ്റുന്നതിനും ഈ പദ്ധതി സഹായിക്കും. ഈ വർഷം സുൽത്താൻ ബത്തേരി വെറ്ററിനറി പോളിക്ലിനിക് കേന്ദ്രമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വർഷം പടിഞ്ഞാറത്തറയിൽകൂടി മറ്റൊരു എ.ബി.സി കേന്ദ്രം സജ്ജമാക്കും.
നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ അമൽ ജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ഓമന പങ്കളം, മിനി ശശീന്ദ്രൻ, ഗോപിനാഥൻ ആലത്തൂർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.കെ. ബേബി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജേഷ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.