വയനാട് ജില്ല പഞ്ചായത്ത് ആർ.ടി.പി.സി.ആർ പരിശോധന ലാബ് തുടങ്ങും
text_fieldsകൽപറ്റ: ജില്ല പഞ്ചായത്ത് സ്വന്തം നിലയിൽ ആർ.ടി.പി.സി.ആർ ലാബ് തുടങ്ങുന്നു. കോവിഡ് പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കുന്നതിൻെറ ഭാഗമായാണ് ആര്.ടി.പി.സി.ആര്, ആര്.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീനുകള്‍ വാങ്ങുന്നത്.
ജില്ലയിൽ നിലവില്‍ സ്രവമെടുത്ത് മൂന്നു മുതല്‍ അഞ്ചു ദിവസങ്ങൾ വരെയെടുത്താണ് പരിശോധന ഫലങ്ങള്‍ ലഭിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ അറിയാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാനുള്ള ലക്ഷ്യമാണ് ജില്ല പഞ്ചായത്തിന്. നിലവില്‍ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലുമാണ് ആര്.ടി.പി.സി.ആര് പരിശോധനകള്‍ നടക്കുന്നത്.
ഇതുമൂലം പരിശോധനഫലം ഏറെ വൈകുകയാണ്. നിലവില്‍ ഇവിടങ്ങളില്‍ മൂന്നോ നാലോ ആളുകളുടെ മണിക്കൂറുകള്‍ നീളുന്ന അധ്വാനമാണ് ഒരു ടെസ്റ്റ് ഫലത്തിനായി വേണ്ടിവരുന്നത്. അതേസമയം, ആര്.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന് ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 250-300 ആളുകളുടെ പരിശോധനഫലം നല്കാന് സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്.
ഇതു മനസ്സിലാക്കിയാണ് ജില്ല പഞ്ചായത്ത് ആര്.ടി.പി.സി.ആര് മെഷീന് പുറമെ ഒരു ആര്.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍കൂടി വാങ്ങാനുള്ള ആലോചനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ ഒരു മെഷീന് ജില്ലയിലെത്തിയാല്‍ മൂന്ന് ഷിഫ്റ്റായി മെഷീന് പ്രവര്‍ത്തിപ്പിച്ചാൽ ദിവസം 2500 മുതല്‍ 4000 വരെ ആളുകളുടെ പരിശോധനഫലം ലഭ്യമാക്കാനാകും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ രണ്ട് മെഷീനുകളും വാങ്ങി കല്പറ്റയില് തന്നെ താല്‍ക്കാലിക ലാബ് സജ്ജീകരിച്ച് പരിശോധനകള്‍ വേഗത്തിലാക്കാനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് സംഷാദ് മരക്കാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന അടിയന്തര ബോർഡ് മീറ്റിങ്ങിൽ ഐകകണ്േഠ്യനയാണ് തീരുമാനമെടുത്തത്.
ജില്ലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന എന്നതിനാലാണ് മെഷീനുകള്‍ എത്രയും പെട്ടെന്ന് വാങ്ങാനുള്ള ആലോചനകള്‍ നടത്തിയത്. ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടത്തിയപ്പോള്‍ വയനാട്ടില്‍ ഏറെ അത്യാവശ്യമാണ് ആര്.എന്‍.എ എക്സ്ട്രാക്ടര്‍ എന്ന് മനസ്സിലായെന്നും സംഷാദ് കൂട്ടിച്ചേര്‍ത്തു.
ജില്ല മൃഗാശുപത്രിയിലേക്ക് ആര്.ടി.പി.സി.ആര് മെഷീന് വാങ്ങാന്‍ 20 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ ജില്ല പഞ്ചായത്ത് വകയിരുത്തിയിരുന്നു. ഇതിനോടൊപ്പം 35 ലക്ഷം രൂപകൂടി വകയിരുത്തിയാലേ ആര്.എന്‍.എ എക്സ്ട്രാക്ടര്‍ വാങ്ങാന്‍ സാധിക്കൂ. ഈ തുകക്കുകൂടി ബോര്‍ഡ് മീറ്റിങ്ങിൻെറ അനുമതി വാങ്ങി രണ്ട് മെഷീനുകളും വേഗത്തിൽ ജില്ലയിലെത്തിക്കാനുള്ള നീക്കങ്ങളാണ് ജില്ല പഞ്ചായത്ത് നടത്തുന്നത്. വൈസ് പ്രസിഡൻറ് എസ്. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉഷ തമ്പി, ബീന ജോസ്, മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.