വയനാട്: ആശ്വാസം; നിരാശ
text_fieldsമാനന്തവാടി ബ്ലോക്കിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത വിജയം
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് കൈകളിൽ. അപ്രതീക്ഷിത വിജയമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ആകെയുള്ള 13 സീറ്റിൽ ഏഴെണ്ണം നേടിയാണ് ഭരണം പിടിച്ചത്. യു.ഡി.എഫ് ആറു ഡിവിഷനുകളിൽ വിജയിച്ചു. യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളായ പള്ളിക്കൽ, കല്ലോടി, വെള്ളമുണ്ട, നിരവിൽപ്പുഴ, തോണിച്ചാൽ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി.
മുമ്പ് 2005ൽ കോൺഗ്രസിൽനിന്ന് ഭിന്നിച്ച ഡി.ഐ.സിയുടെ തോളിലേറി മാത്രമേ എൽ.ഡി.എഫ് ഭരണത്തിലേറിയിട്ടുള്ളൂ. എടവക പഞ്ചായത്ത് ഡിവിഷനുകളിൽ ഡി.സി.സി നേതൃത്വം മുൻകൈയെടുത്ത് നിർത്തിയ സ്ഥാനാർഥി നിർണയത്തിലെ പിഴവാണ് എടവകയിലെ ബ്ലോക്ക് ഡിവിഷനുകളിലെ പരാജയത്തിന് കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ, നിരവിൽപ്പുഴ ഡിവിഷനിലെ അപ്രതീക്ഷിത പരാജയം യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചു. തോൽവിയുടെ പേരിൽ വരും ദിവസങ്ങളിൽ മുസലിംലീഗിൽ തർക്കം മുറുകിയേക്കും. കഴിഞ്ഞതവണ യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് അഞ്ച് എന്ന നിലയിലായിരുന്നു.
ബത്തേരി ബ്ലോക്കിൽ വീണ്ടും എൽ.ഡി.എഫ്
സുൽത്താൻ ബത്തേരി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സുൽത്താൻ ബത്തേരി ബ്ലോക്കിൽ വീണ്ടും എൽ.ഡി.എഫ്. 13ൽ ഏഴ് സീറ്റുകളുമായാണ് അധികാരം പിടിച്ചത്. അധികാരം ഉറപ്പെന്നു പ്രതീക്ഷിച്ച യു.ഡി.എഫ് കടുത്ത നിരാശയിലായി. മീനങ്ങാടി, കൊളഗപ്പാറ, അമ്പുകുത്തി, ചുള്ളിയോട്, അമ്പലവയൽ, കുമ്പളേരി, കൃഷ്ണഗിരി വാർഡുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. നമ്പികൊല്ലി, കല്ലൂർ, മുത്തങ്ങ, ചീരാൽ, കോളിയാടി, തോമാട്ടുചാൽ ഡിവിഷനുകൾ യു.ഡി.എഫ് നേടി.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ബീന വിജയനും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന മിനി ജോൺസനും തമ്മിലായിരുന്നു മീനങ്ങാടി ഡിവിഷനിൽ മത്സരം. 4203 വോട്ടുകൾ ബീന വിജയന് ലഭിച്ചപ്പോൾ മിനിക്ക് 3175 വോട്ടുകളാണ് ലഭിച്ചത്. ബ്ലോക്കിൽ കഴിഞ്ഞതവണത്തെ പ്രസിഡൻറായിരുന്ന ലത ശശി കൊളഗപ്പാറയിലാണ് മത്സരിച്ചത്. ഇടത് കോട്ടയായിരുന്ന നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ, മുത്തങ്ങ ഡിവിഷനുകൾ 2015ൽ എൽ.ഡി.എഫ് വിജയിച്ചതാണ്. ഇത്തവണ യു.ഡി.എഫ് പിടിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. യു.ഡി.എഫ് സിറ്റിങ് ഡിവിഷനുകളായിരുന്ന കുമ്പളേരിയിലും കൃഷ്ണഗിരിയിലും എൽ.ഡി.എഫ് പിടിച്ചെടുത്തത് യു.ഡി.എഫ് കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
കൽപറ്റ ബ്ലോക്ക്നി ലനിർത്തി യു.ഡി.എഫ്
കൽപറ്റ: കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി. ഒമ്പതു ഡിവിഷനുകൾ നേടിയാണ് അധികാര തുടർച്ച നേടിയത്. കഴിഞ്ഞതവണയും യു.ഡി.എഫിന് ഒമ്പതു സീറ്റുകളായിരുന്നു. എൽ.ഡി.എഫ് അഞ്ചു സീറ്റുകൾ നേടി. കഴിഞ്ഞതവണ യു.ഡി.എഫ് വിജയിച്ച ചാരിറ്റി എൽ.ഡി.എഫ് പിടിച്ചെടുത്തു. എന്നാൽ, തൃക്കൈപ്പറ്റ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
പടിഞ്ഞാറത്തറ പഞ്ചായത്ത് ഡിവിഷനിലാണ് വലിയ ഭൂരിപക്ഷം. ഇവിടെ ലീഗിലെ കെ.കെ. അസ്മ 1507 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ സിന്ധു പുറത്തൂട്ടിനെ പരാജയപ്പെടുത്തിയത്. പൊഴുതനയിൽ ലീഗിലെ തന്നെ ലക്ഷ്മി കേളു 1502 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ സന്ധ്യ ഗോപാലനെ തോൽപ്പിച്ചു.
യു.ഡി.എഫ് ഉരുക്കുകോട്ടയിൽ ഇടത് അട്ടിമറി
വെള്ളമുണ്ട: യു.ഡി.എഫിെൻറ ഉരുക്കുകോട്ടയായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷത്തിന് അട്ടിമറി ജയം. 21 വാർഡുകളുള്ള പഞ്ചായത്തിൽ 14 സീറ്റുകൾ പിടിച്ചെടുത്താണ് ഇടതുമുന്നണി തിളക്കമാർന്ന ജയം നേടിയത്. കഴിഞ്ഞതവണ 15 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫ് ഇത്തവണ ഏഴ് സീറ്റിലൊതുങ്ങി. ആറ് അംഗങ്ങളുണ്ടായിരുന്ന സി.പി.എം 12 സീറ്റുകൾ നേടി.
സ്ഥാനാർഥി നിർണയം മുതൽ നടത്തിയ അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്തിയത്. 35 വർഷമായി മുസ്ലിം ലീഗ് ജയിക്കുന്ന തരുവണ വാർഡിലും 20 വർഷമായി തുടർ ജയം ആവർത്തിക്കുന്ന എട്ടേനാൽ വാർഡും ഇടതുപക്ഷം പിടിച്ചെടുത്തു. രാവിലെ ഒന്നാം വാർഡ് മുതൽ ഫലപ്രഖ്യാപനം ഒന്നൊന്നായി വന്നപ്പോൾ ഒന്നുമുതൽ എട്ട് വരെയുള്ള മുഴുവൻ വാർഡിലും ജയം ഉറപ്പിച്ചതോടെ ഇടതുപക്ഷം ഭരണ പ്രതീക്ഷയിലായിരുന്നു.
കഴിഞ്ഞതവണ യു.ഡി.എഫ് വിജയിച്ച കണ്ടത്തുവയൽ, വെള്ളമുണ്ട, പഴഞ്ചന, തരുവണ, വാരാമ്പറ്റ, പാലയാണ, നാരോക്കടവ് വാർഡുകൾ ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിന്നു.മുസ്ലിംലീഗിൽനിന്നു വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 2005ൽ ഇടതുപക്ഷം വെള്ളമുണ്ടയിൽ നേടിയ അട്ടിമറി ജയം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ജില്ല പഞ്ചായത്ത് ഡിവിഷനിലും അട്ടിമറി ജയമാണ് ഇടതുപക്ഷം നേടിയത്.
മാനന്തവാടിയിൽ യു.ഡി.എഫിന് അട്ടിമറി വിജയം
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ യു.ഡി.എഫിന് അട്ടിമറി വിജയം. ആകെയുള്ള 36 ഡിവിഷനുകളിൽ 19 എണ്ണം യു.ഡി.എഫ്. നേടി. എൽ.ഡി.എഫിന് 16 ഡിവിഷനുകളിൽ വിജയിക്കാനേ കഴിഞ്ഞുള്ളൂ. ഒരു സീറ്റിൽ യു.ഡി.എഫ് വിമതക്കാണ് ജയം. കഴിഞ്ഞതവണ എൽ.ഡി.എഫിന് ഇരുപതും യു.ഡി.എഫിന് പതിനഞ്ചും ഒരു സീറ്റിൽ സ്വതന്ത്രനുമായിരുന്നു വിജയിച്ചത്. മുൻ നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് വിജയിച്ചപ്പോൾ വൈസ് ചെയർപേഴ്സൺ പ്രതിഭ ശശി, വികസന കാര്യ ചെയർമാൻ പി.ടി. ബിജു എന്നിവർ പരാജയപ്പെട്ടു.
യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സിൽവി തോമസ്, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർക്ക് വിജയിക്കാനായില്ല. സി.പി.എം മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കി മാസറ്ററും പരാജയം ഏറ്റുവാങ്ങി. അതേസമയം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ യു.ഡി.എഫിലെ മാർഗരറ്റ് തോമസ് ഒരു വോട്ടിന് ജയിച്ചു.
യു.ഡി.എഫിെൻറ കൈവശമുണ്ടായിരുന്ന പിലാക്കാവ്, ചെറ്റപ്പാലം, വള്ളിയൂർക്കാവ്, വരടിമൂല, പരിയാരംകുന്ന്, ഒഴക്കോടി, ചിറക്കര വാർഡുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ കല്ലിയോട്ട്, അമ്പുകുത്തി, മുദ്രമൂല, ചെറൂർ, കാടൻകൊല്ലി, പയ്യമ്പള്ളി, തഴെയങ്ങാടി, എരുമത്തെരുവ്, പാലാക്കുളി, കുറ്റിമുല എന്നീ ഡിവിഷനുകൾ യു.ഡി.എഫും പിടിച്ചെടുത്തു. ഇതിൽ സി.പി.എം കുത്തക സീറ്റുകളായ എരുമത്തെരുവും കല്ലിയോട്ടും അമ്പുകുത്തി വാർഡുകളിൽ വിജയിക്കാനായത് യു.ഡി.എഫിന് വലിയ നേട്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.