വയനാട് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല
text_fieldsകൽപറ്റ: പണമിടപാടുകളും ബാങ്കിങ് സേവനങ്ങളും ഡിജിറ്റലാക്കി വയനാട് സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് പട്ടികയില്‍ ഇടം പിടിച്ചു. കല്പറ്റ ഹരിതഗിരിയില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ എ. ഗീത വയനാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മൊബൈല്‍ ബാങ്കിങ്, യു.പി.ഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റല്‍ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരെ പ്രാപ്തരാക്കുക എന്നതാണ് ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ലക്ഷ്യം.
റിസര്‍വ് ബാങ്കിന്റെയും ജില്ലതല ബാങ്കേഴ്സ് സമിതിയുടെയും മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ലീഡ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് എ.ടി.എം, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യൂ.ആര് കോഡ് തുടങ്ങി സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ്ങിലൂടെ ഉറപ്പാക്കുന്നു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നതിന്റെ ഭാഗമായാണ് 'വയനാടും ഡിജിറ്റലിലേക്ക്' എന്ന പേരില്‍ ജില്ലയിലും ബോധവത്കരണ പരിപാടികള്‍ നടത്തിയത്.
കുറഞ്ഞത് ഒരു ഡിജിറ്റല്‍ സേവനമെങ്കിലും ഉപയോഗിക്കാന്‍ ബാങ്കിങ് ഉപഭോക്താക്കളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. ജില്ലയിലെ ഇതര കോണുകളില്‍ കാമ്പയിനിന് പിന്തുണയും ലഭിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെയും ജില്ലഭരണകൂടത്തിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ കഴിഞ്ഞത്. നബാര്‍ഡിന്റെയും ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ആദിവാസി മേഖലകളിലും മാര്‍ക്കറ്റുകളിലും സാമ്പത്തിക സാക്ഷരത പരിപാടികള്‍ നടത്തിയിരുന്നു.
കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന് മിഥുന് മാന്വല്‍ തോമസ് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ആര്.ബി.ഐ ജനറല്‍ മാനേജര്‍ ഡോ. സെഡറിക് ലോറന്‍സ് മുഖ്യപ്രഭാഷണം നടത്തി. 'ബാങ്കും വിരല്‍തുമ്പിലേക്ക്' ബോധവത്ക്കരണ തെരുവു നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരായ ബാാങ്ക് ജീവനക്കാരെയും സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കനാ ബാങ്ക് കണ്ണൂര്‍ മേഖല അസി. ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍, ആര്.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ ഇ.കെ. രഞ്ജിത്, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ വി. ജിഷ, ജില്ല ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.