ദുരന്തത്തെരുവിലെ സ്നേഹത്തിന്റെ കട
text_fieldsചൂരൽമല: ചൂരൽമലക്കടുത്ത നീലി കാപ്പിലെ ‘ചങ്കരത്ത് സൂപ്പർ മാർക്കറ്റ്’ വെറുമൊരു കടയല്ല, ദുരന്തത്തെരുവിലെ സ്നേഹത്തിന്റെ കടയാണത്. ആഗസ്റ്റ് മൂന്നുമുതൽ എട്ടുവരെ പ്രദേശത്ത് സ്ഥിര താമസക്കാരായിട്ടുള്ള എല്ലാ കുടുംബങ്ങൾക്കും കടയിൽനിന്ന് ഭക്ഷണ സാധനങ്ങൾ സൗജന്യമായാണ് നൽകിയത്. ദുരിത പേമാരി പെയ്ത ചൂരൽമലയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരെ തങ്ങൾക്കാകും വിധം ചേർത്തുപിടിച്ചതിന്റെ സന്തോഷത്തിലാണ് സൂപ്പർമാർക്കറ്റിന്റെ ഉടമകളും സഹോദരങ്ങളുമായ ഉസ്മാനും സിദ്ദീഖും. ദുരന്തം സംഭവിച്ച ശേഷം ഒട്ടുമിക്കയാളുകളും ക്യാമ്പിലാണ്. എന്നാൽ, പ്രായമായവരും വളർത്തുമൃഗങ്ങളും വീട്ടിലുള്ള ഒരുപാട് പേർ ഇപ്പോഴും ചൂരൽമലയിലെ വീടുകളിലുണ്ട്.
സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങളും ഉപജീവനമാർഗങ്ങളും ഒറ്റരാത്രിയിലെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയപ്പോൾ നിസ്സഹായതയോടെ നിൽക്കേണ്ടി വന്നവർ. ഇവരെ ചേർത്തുപിടിച്ച് പുതിയ ജീവിതം സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് ഈ സൂപ്പർമാർക്കറ്റ്. ചൂരൽമലയിലെ തന്റെ വീട്ടിലേക്ക് ഒരു കിലോ പഞ്ചസാര കൊടുക്കാമോ എന്ന് ഒരാൾ ഉസ്മാനോട് ചോദിച്ചപ്പോഴാണ് വീടുകളിൽ കഴിയുന്ന അനേകം പേരുടെ ദുരിതത്തിന്റെ തീവ്രത അറിയുന്നത്. തുർന്നാണ് സഹോദരനായ സിദ്ദീഖിനോട് സംസാരിച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ വില ഈടാക്കാതെ നൽകാമെന്ന് തീരുമാനിച്ചത്. ഇതിനകം നൂറിലധികം പേരാണ് ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.