മൂന്നാം വയസ്സിലേക്ക്... വയനാട് മെഡിക്കൽ കോളജ് ഇങ്ങനെ മതിയോ?
text_fieldsമാനന്തവാടി: വയനാട് റോഡിലൂടെ സൈറൻ മുഴക്കി ആംബുലൻസുകൾ ഇപ്പോഴും ചീറിപ്പാഴുകയാണ്. മാനന്തവാടി ജില്ല ആശുപത്രി ഗവ. മെഡിക്കൽ കോളജായി ഉയർത്തിയിട്ട് മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും സർക്കാർ സംവിധാനത്തിലുള്ള അടിയന്തര ചികിത്സ വയനാട്ടുകാർക്ക് ഇപ്പോഴും കിട്ടാകനിയാണ്.
2021 ഫെബ്രുവരി 12നാണ് മാനന്തവാടിയിലെ ജില്ല ആശുപത്രിയെ വയനാട് മെഡിക്കൽ കോളജായി ഉയർത്തിയത്. ഈ വരുന്ന ഫെബ്രുവരി 12ന് രണ്ടുവർഷം പൂർത്തിയാകുമ്പോഴും മെഡിക്കൽ കോളജ് ബോർഡിൽ മാത്രമായി ഒതുങ്ങിയെന്ന ജനരോഷത്തിന് ഒരൽപ്പം പോലും കുറവും വന്നിട്ടില്ല.
കാത്ത് ലാബിന്റെ ഉദ്ഘാടനും, ഹൃദ്രോഗ വിഭാഗം, മൾട്ടി പർപ്പസ് കെട്ടിടോദ്ഘാടനം, നഴ്സിങ് കോളജിന്റെയും മെഡിക്കൽ കോളജിന്റെയും പ്രവേശന നടപടികൾക്കായുള്ള പ്രവർത്തനം എന്നിവയെല്ലാം പുരോഗമിക്കുന്നതും പുതിയ തസ്തികകളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികളുമാണ് മൂന്നാം വർഷത്തിലെ മെഡിക്കൽ കോളജിന് പ്രതീക്ഷ പകരുന്ന കാര്യങ്ങൾ.
ഘട്ടംഘട്ടമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകുമ്പോഴും അതിനുള്ള നടപടികളിലെ മെല്ലെപ്പോക്കാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
മെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയാതെ രോഗികളെ കോഴിക്കോട്ടേക്കും ജില്ലയിലെ തന്നെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും എന്തുകൊണ്ടാണ് റഫർ ചെയ്യേണ്ടിവരുന്നതെന്ന ചോദ്യമാണ് ജില്ലയിലുള്ളവർ ചോദിക്കുന്നത്.
രണ്ടുവർഷം കഴിയുമ്പോഴും ജില്ല ആശുപത്രിയുടെ സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണം ശക്തമാണ്. മെഡിക്കൽ കോളജായി ഉയർത്തിയിട്ടും ദിനേനെ നിരവധി രോഗികളെയാണ് ഇവിടെനിന്ന് കോഴിക്കോടേക്ക് റഫർ ചെയ്യുന്നത്. യാത്രക്കിടെ ചുരത്തിലെ കുരുക്കിൽപെട്ട് ഓരോ ദിവസവും ജീവനുകൾ പൊലിയുന്നു.
2019ൽ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരുന്ന രോഗികളിൽ 372 പേരെയാണ് മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്തിരുന്നതെങ്കിൽ 2022ൽ 789 ആയി ഉയർന്നു. മുമ്പത്തേക്കാൾ ഇരട്ടി ആളുകളെ റഫർ ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതോടെ ജനറൽ മെഡിസിനിൽ ഉൾപ്പെടെ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും കൂടുതൽ ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാൽ രോഗികൾ തന്നെയാണ് വലയുന്നത്. മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കാത്ത്ലാബ് ജനുവരിയോടെ യാഥാർഥ്യമാക്കും എന്നറിയിച്ചെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. അധികം വൈകാതെ കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഇതോടെ ഹൃദ്രോഗ സേവനം ഉൾപ്പെടെ ലഭ്യമാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യഘട്ടത്തിൽ മാനന്തവാടിയിൽ മെഡിക്കൽ കോളജ് ആശുപത്രിയും ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കും ആരംഭിച്ചേക്കും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഏഴു നിലകളിലായുള്ള മൾട്ടി പർപ്പസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും. ഇവിടേക്ക് ഒ.പി ഉൾപ്പെടെ മാറ്റുന്നതോടെ കൂടുതൽ സൗകര്യങ്ങളാവും. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ ബോയ്സ് ടൗണിലേക്ക് മാറും. ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മുമ്പ് പ്രഖ്യാപിച്ചതുപോലെ മടക്കിമലയിൽ തന്നെ മെഡിക്കൽ കോളജ് ആരംഭിക്കണമെന്ന ആവശ്യം ഇപ്പോഴും ജില്ലയിൽ ശക്തമാണ്.
തിരക്കോട് തിരക്ക്
രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചെങ്കിലും കിടക്കകളും ജീവനക്കാരും കുറവ്
ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതോടെ രോഗികളുടെ തിരക്കോട് തിരക്കാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും ഇതോടെ പ്രയാസത്തിലായി. ജില്ല ആശുപത്രി ആയിരുന്നപ്പോൾ 750 മുതൽ 1000 വരെയായിരുന്നു ദിനംപ്രതി ഒ.പി.യിൽ എത്തുന്ന രോഗികളുടെ എണ്ണം. 1500 മുതൽ 2000 വരെയായി ഉയർന്നു. ജനുവരിയിൽ മാത്രം 51,245 രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയത്. ദിവസേന ശരാശരി 50 രോഗികളെയാണ് കിടത്തി ചികിത്സക്ക് വിധേയമാക്കുന്നുണ്ട്. 1417 രോഗികളെയാണ് കഴിഞ്ഞ മാസം കിടത്തി ചികിത്സിച്ചത്. 2005-ലാണ് 274-ൽനിന്ന് ജില്ല ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 500 ആയി ഉയർത്തി ഉത്തരവിറക്കിയത്.
പക്ഷേ 17 കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ സാധിച്ചിട്ടില്ല. കിടക്കസൗകര്യം 274 ആണെങ്കിലും 382 പേരെ ഇപ്പോൾ കിടത്തി ചികിത്സിക്കുന്നുണ്ട്. കൂടുതൽ കിടക്കകൾ ലഭ്യമാക്കിയാൽ കൂടുതലാളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കും.
കഴിഞ്ഞ മാസം മെഡിക്കൽ കോളജിൽ 209 പ്രസവമാണ് നടന്നത്. ഓരോമാസവും 200ലധികം പ്രസവം നടക്കുന്നുമുണ്ട്. ജനുവരിയിൽ 1055 രോഗികൾക്ക് ഡയാലിസിസ് സേവനവും നൽകി. രോഗികളുടെ എണ്ണം വർധിച്ചതോടെ ഡോക്ടർമാരും, നഴ്സ്, അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അമിത ജോലി ചെയ്താണ് രോഗികൾക്ക് ആശ്വാസം നൽകുന്നത്. അതേസമയം അമിതോപയോഗം മൂലം യന്ത്രങ്ങൾ പണിമുടക്കുന്നത് ചികിത്സ നിർണയത്തിന് വെല്ലുവിളി ഉയർത്തുകയും രോഗികളുടെ റഫറൽ കേസുകൾ വർധിക്കാൻ ഇടയാക്കുകയും ചെയ്യുന്നുണ്ട്.
രോഗികളുടെ എണ്ണം വർധിച്ചെങ്കിലും മറ്റു സൗകര്യങ്ങളുടെ കുറവ് പലപ്പോഴും രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നാലാണ് ജനറൽ മെഡിസിൻ ഒ.പിയിൽ ഡോക്ടറെ കാണാനാകുക. ജനറൽ മെഡിസിനിൽ മൂന്നു ഡോക്ടർമാർ ദിവസവും ഉണ്ടെങ്കിലും തിരക്കിന് കുറവില്ല. ഇവരിൽ പലരും മറ്റു ഡ്യൂട്ടികൾക്കായി പോകുമ്പോഴും തിരക്ക് കൂടുന്ന സാഹചര്യമുണ്ട്. ഫാർമസിയിൽ ആവശ്യത്തിന് മരുന്നില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണം വർധിച്ചെങ്കിലും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.