വയനാട് മെഡിക്കൽ കോളജിനായി ഭൂമി ഏറ്റെടുത്തിട്ടും തുടർ നടപടികൾ ഇഴയുന്നു
text_fieldsമാനന്തവാടി: തവിഞ്ഞാൽ ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വയനാട് ഗവ. മെഡിക്കൽ കോളജിനായി ഏറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികൾ എങ്ങുമെത്തിയില്ല. ഭൂമി ഏറ്റെടുത്ത് 11 മാസത്തിലധികമായിട്ടും ഇതുവരെ തറക്കല്ലുപോലും ഇട്ടിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിലുള്ള ഭൂമി ഏറ്റെടുത്ത് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഉത്തരവിറക്കിയത്. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഉപകേന്ദ്രം നിർമിക്കുന്നതിനാണ് ഗ്ലെൻ ലെവൻ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള 75 ഏക്കർ സ്ഥലം ആദ്യം ഏറ്റെടുത്തത്. പദ്ധതിയിൽ നി ന്ന് പിന്മാറിയതോടെ സ്ഥലത്തിന്റെ ചെറിയൊരുഭാഗം റൂസ കോളജിനും കുറച്ചുഭാഗം അരിവാൾകോശ രോഗികൾക്കുള്ള കോമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് സെന്ററിനും കൈമാറി. ശേഷിക്കുന്ന 65 ഏക്കറിലാണ് മെഡിക്കൽവിദ്യാഭ്യാസത്തിനുള്ള കെട്ടിടം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം വേണമെന്നതാണ് കണക്ക്. തവിഞ്ഞാൽ ബോയ്സ് ടൗണിലേക്ക് മാനന്തവാടിയിലെ ആശുപത്രിയിൽനിന്ന് 12 കിലോമീറ്റർ ദൂരമുണ്ടെങ്കിലും 30 മിനിറ്റിനകം എത്താമെന്നതാണ് ഈ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം.
കേസ് നിലനിൽക്കുന്നതിനാൽ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങളൊന്നും നടത്താൻ സാധിച്ചിട്ടില്ല. നിലവിലുള്ള ആശുപത്രിക്ക് 8.74 ഏക്കർ സ്ഥലമാണുള്ളത്. വയനാട് ഗവ. മെഡിക്കൽ കോളജിൽ നൂറുപേർക്ക് പ്രവേശനം നൽകി അധ്യയനം തുടങ്ങാൻ കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് അംഗീകാരം നൽകിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്.
മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് നാഷനൽ മെഡിക്കൽ കമീഷൻ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നാഷനൽ മെഡിക്കൽ കമീഷന്റെ റിപ്പോർട്ട് അനുകൂലമായാൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശന നടപടികൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.