വയനാട് മെഡിക്കൽ കോളജ്: സി.പി.എമ്മും എം.എൽ.എയും പിടിവാശി ഒഴിവാക്കണം –ആക്ഷൻ കമ്മിറ്റി
text_fieldsകൽപറ്റ: ചന്ദ്രപ്രഭ ട്രസ്റ്റ് ദാനമായി നൽകിയ മടക്കിമലയിലെ 50 ഏക്കർ ഭൂമിയിൽ വയനാട് മെഡിക്കൽ കോളജിെൻറ നിർമാണപ്രവർത്തനം പുനരാരംഭിക്കണമെന്ന് എം.കെ. ജിനചന്ദ്രൻ സ്മാരക ഗവ. മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മും കൽപറ്റ എം.എൽ.എയും പിടിവാശി ഒഴിവാക്കണം. അടുത്ത അധ്യയന വർഷം ജില്ല ആശുപത്രിയിലോ കൽപറ്റ ജനറൽ ആശുപത്രിയിലോ താൽക്കാലികമായി മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഡി.എം വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ വയനാടിെൻറ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഒരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാത്ത, സൗജന്യമായി ലഭിച്ച മടക്കിമല ഭൂമിയിൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കോളജ് നിർമിക്കണം.
മടക്കിമല ഭൂമിയിൽ പാരിസ്ഥിതിക ആഘാത പഠനം നടന്നതുമായി ബന്ധപ്പെട്ട് ഒരു രേഖയും ലഭ്യമല്ല. ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമുണ്ടെന്നു മാത്രമാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടാതെയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു റിപ്പോർട്ട് നൽകിയത്. ആരുടെ താൽപര്യപ്രകാരമാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
ചന്ദ്രപ്രഭ ട്രസ്റ്റിെൻറ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കില്ലെന്ന സി.പി.എമ്മിെൻറയും എം.എൽ.എയുടെയും പിടിവാശി ഒഴിവാക്കണം. നിലവിൽ തർക്കങ്ങളൊന്നുമില്ലാത്ത മടക്കിമലയിലെ ഭൂമിതന്നെ ഇതിനായി ഉപയോഗിക്കണം. മെഡിക്കൽ കോളജിെൻറ പേരിൽ ജില്ലയെ വിഘടിപ്പിക്കുകയാണ് ഇടതു സർക്കാർ.
അടുത്ത അധ്യയന വർഷം ജില്ല ആശുപത്രിയിലോ കൽപറ്റ ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളജ് താൽക്കാലികമായി ആരംഭിക്കണം. മടക്കിമലയിലെ നിർമാണ പ്രവർത്തനം അവസാനിക്കുന്നതുവരെ മാനന്തവാടിയിലെ അസാപ്പിെൻറ കെട്ടിടമുൾപ്പെടെ സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം.
ഈ തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് ആക്ഷൻ കമ്മിറ്റി നേതൃത്വം നൽകും. ഭാവിപരിപാടികൾ ആലോചിക്കുന്നതിന് ആക്ഷൻ കമ്മിറ്റിയുടെ വിപുല യോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പത്മപ്രഭ ലൈബ്രറി ഓഡിറ്റോറിയത്തിൽ ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ചെയർമാൻ സൂപ്പി പള്ളിയാൽ, രക്ഷാധികാരി മോയിൻ കടവൻ, വൈസ് ചെയർമാൻ അഡ്വ. എം.സി.എ. ജമാൽ, ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.