വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കൽ കോളജ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു
text_fieldsമാനന്തവാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമായി. വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിെൻറ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോംപ്രിഹെൻസിവ് ഹീമോഗ്ലോബിനോപതി റിസർച്ച് ആന്‍ഡ് കെയർ സെൻററിെൻറ ശിലാസ്ഥാപനവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.
കേന്ദ്ര മെഡിക്കല്‍ കമീഷെൻറ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ല ആശുപത്രിയില്‍ ലഭ്യമാണ്. അനുബന്ധ സൗകര്യങ്ങള്‍ ഉടൻ ഒരുക്കും.
മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിെൻറ ഭാഗമായി മെഡിക്കല്‍ കോളജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍, മെഡിക്കല്‍ കോളജ് യാഥാർഥ്യമാക്കാന്‍ പണം പ്രശ്നമല്ലെന്ന് മന്ത്രി പറഞ്ഞു.
മാനന്തവാടി ജില്ല ആശുപത്രിയിൽ നിലവില്‍ 500 കിടക്കകളുണ്ട്. 45 കോടി രൂപ ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിർമാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനുള്ള ക്ലിനിക്കല്‍ സൗകര്യം അതോടെ തയാറാകും. നഴ്സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അക്കാദമിക് സൗകര്യങ്ങള്‍ക്ക് ഇത് താൽക്കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള്‍ എല്ലാം കാണിച്ച് കേന്ദ്ര മെഡിക്കല്‍ കമീഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ല ആശുപത്രിയിൽ ഒരുകോടി ചെലവില്‍ നവീകരിച്ച ഒ.പി വിഭാഗം, നവീകരിച്ച ഗൈനക്കോളജി വിഭാഗം, ഓക്സിജൻ ജനറേറ്റർ പ്ലാൻറ്, ഒ.ആര്. കേളു എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്പേഴ്സൻ രത്നവല്ലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ബിന്ദു, മാനന്തവാടി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിന് ബേബി, ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേശ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കൽ കോളജ് സ്വപ്നം യാഥാർഥ്യമായ ദിനമായിരുന്നു ഞായറാഴ്ച. ജില്ല ആശുപത്രിയുടെ ബോർഡ് മാറ്റി ഗവ. മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ചു. മന്ത്രിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മെഡിക്കൽ കോളജ് പ്രവർത്തനോദ്ഘാടന വേദിയായ ഗാന്ധിപാർക്കിലെ വേദിയിലേക്ക് ആനയിച്ചത്. ചടങ്ങ് വീക്ഷിക്കാൻ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നിരവധി ആളുകളാണ് എത്തിയത്.
രണ്ട് എം.എൽ.എമാർ ഉദ്ഘാടനത്തിന് എത്തിയില്ല
മാനന്തവാടി: ഗവ. മെഡിക്കൽ കോളജ് വയനാടിന് യാഥാർഥ്യമായ ചടങ്ങിൽ ഭരണകക്ഷി എം.എൽ.എ സി.കെ. ശശീന്ദ്രനും പ്രതിപക്ഷത്തെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും പങ്കെടുത്തില്ല. ഇവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. നോട്ടീസിലും ചടങ്ങ് നടന്ന വേദിയിലെ ബാനറിലും പേരും ഫോട്ടോയും ഉണ്ടായിരുന്നു.
സി.കെ. ശശീന്ദ്രൻ മാനന്തവാടിയിൽ എത്തിയില്ല. എന്നാൽ, കൽപറ്റയിൽ മന്ത്രി കെ. കെ. ശൈലജ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം ഉണ്ടായിരുന്നു. മണ്ഡലത്തിൽ ഒഴിച്ചുകൂടാനാവാത്ത പരിപാടികൾ ഉള്ളതുകൊണ്ടാണ് മാനന്തവാടിയിൽ പോകാതിരുന്നതെന്നും, തെൻറ വിശദീകരണം ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ടെന്നും സി.കെ. ശശീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മെഡിക്കൽ കോളജ് കൽപറ്റ മണ്ഡലത്തിൽ സ്ഥാപിക്കാനാണ് വർഷങ്ങളായി ശ്രമങ്ങൾ നടന്നിരുന്നത്. എന്നാൽ, ഇതൊന്നും ഫലപ്രാപ്തിയിൽ എത്തിക്കാനാവാതെയാണ് സർക്കാർ കേന്ദ്ര പദ്ധതിയിൽ മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.