വയനാട് പാക്കേജ് പൊളിച്ചെഴുതണം –പ്രകൃതിസംരക്ഷണ സമിതി
text_fieldsകൽപറ്റ: മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജിനെ തുരങ്കപാതക്കും ടൂറിസത്തിനും റോഡുകൾക്കും ഭീമമായ തുക വകയിരുത്തിയും പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവരെ അകറ്റിനിർത്തിയും ഉദ്യോഗസ്ഥരും റിട്ടയർ ചെയ്ത വികസന മാനേജർമാരും ചേർന്ന് അട്ടിമറിക്കുകയാണെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു. അനേക കോടികളുടെ അഴിമതിയാണ് ചിലർ ലക്ഷ്യമിടുന്നതെന്നും സമിതി വാർത്താക്കുറിപ്പിൽ ആരോപിച്ചു.ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനത്തിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും ഉതകുന്ന സുസ്ഥിര വികസനപദ്ധതികൾ ആവിഷ്കരിക്കാൻ ഐക്യരാഷ്ട്രസഭ നടത്തിയ ആഹ്വാനത്തിെൻറ അന്തസ്സത്തക്ക് ചേർന്നതല്ല വയനാട് പാക്കേജിലെ പദ്ധതികൾ.
ജില്ലയിലെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ആദിവാസികളിൽ 3000 കുടുംബങ്ങൾ ഭൂരഹിതരും ഭവനരഹിതരുമാണ്. സ്വാതന്ത്ര്യത്തിനുശേഷം നിയമവിരുദ്ധമായി വൻ കമ്പനികൾ കൈയടക്കിയ രണ്ടു ലക്ഷത്തിലധികം ഏക്കർ ഭൂമി വയനാട്ടിലുണ്ടെങ്കിലും പാക്കേജിൽ ഭവന-ഭൂരഹിതരെക്കുറിച്ച് പരാമർശിക്കുന്നില്ല. ആദിവാസികളെ ഫ്ലാറ്റുണ്ടാക്കി അവിടേക്ക് തള്ളുകയല്ല, അവർക്ക് അന്തസ്സായി ജീവിക്കാൻ ഭൂമിയും വീടും നൽകുകയാണ് വേണ്ടത്.
ജില്ലയുടെ പരിസ്ഥിതിയെയും ആദിവാസികളുടെ സ്വൈര്യ ജീവിതത്തെയും തകർക്കുന്ന അനിയന്ത്രിത ടൂറിസത്തിന് 1000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കാടുകളും ആദിവാസി ഗ്രാമങ്ങളും സന്ദർശകർക്ക് മലർക്കെ തുറന്നിടാനാണ് നീക്കം. കാട്ടിലെ ടൂറിസം വന്യമൃഗശല്യം രൂക്ഷമാക്കും. ഇത്തവണ എസ്.എസ്.എൽ.സി പാസായ 2500 ആദിവാസി വിദ്യാർഥികളിൽ 700 പേർക്ക് മാത്രമേ ഹയർ സെക്കൻഡറിയിൽ സീറ്റുള്ളൂ. ഇതിന് പാക്കേജിൽ പരിഹാരമില്ല. വയനാടൻ കാടുകളുടെ മൂന്നിലൊന്ന് ഏകവിളത്തോട്ടങ്ങളാണ്. ഇവയെ സ്വാഭാവിക വനമായി പുനഃപരിവർത്തിപ്പിക്കണം. കാപ്പിയൊഴികെയുള്ള കാർഷികവിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും അവ ബ്രാൻഡ് ചെയ്ത് മാർക്കറ്റിങ് നെറ്റ്വർക് വികസിപ്പിച്ച് വിപണനം നടത്താനുമുള്ള പദ്ധതിയും പാക്കേജിലില്ല.
സുസ്ഥിരവും സമ്പന്നവുമായ വയനാടിനെ പുനർനിർമിക്കാൻ പാക്കേജ് പുനഃസംവിധാനം ചെയ്യണമെന്ന് സമിതി മുഖ്യമന്ത്രി, ആസൂത്രണ ബോർഡ് അധികൃതർ എന്നിവർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. സി.എ. ഗോപാലകൃഷ്ണൻ, യുസി. ഹുസയിൻ, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, എ.വി. മനോജ്, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
വയനാട് പ്രകൃതിസംരക്ഷണ സമിതി നിർദേശങ്ങൾ
1. പാക്കേജിെൻറ നേർപകുതി തുക ജില്ലയുടെ പരിസ്ഥിതി പുനരുജ്ജീവനത്തിന് നീക്കിവെക്കണം.
2. കാർഷികവ്യവസ്ഥയുടെ പുനരുദ്ധാരണത്തിനും അതിജീവനത്തിനും ജല- മണ്ണ് സംരക്ഷണത്തിനും ഊന്നൽനൽകണം.
3. വയനാടിനെ ജൈവജില്ലയായി പ്രഖ്യാപിക്കണം.
4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 1000 കോടിയെങ്കിലും ഉൾപ്പെടുത്തണം.
5.600 കോടി ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം കൃഷിക്ക് നൽകാത്ത കാരാപ്പുഴ ഡാമിനും ഡാമിെൻറ ജലനിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ കനാൽ നിർമിച്ച ബാണാസുര സാഗറിനും പാക്കേജിൽ തുക അനുവദിക്കരുത്.
6. ആദിവാസികൾ, തോട്ടംതൊഴിലാളികൾ തുടങ്ങിയവർക്കും ഭൂരഹിതർക്കും ഭൂമി നൽകണം.
7. വയനാടൻ സമ്പദ്ഘടനക്ക് ഗുണകരമാവാത്ത അനിയന്ത്രിത ടൂറിസം നിയന്ത്രിക്കണം.
8. വൈദ്യുതി, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവക്ക് വർഷാവർഷം നൽകുന്ന ഫണ്ട് പാക്കേജിൽ ഉൾപ്പെടുത്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.