'വന്യജീവികളുടെ ജനന നിയന്ത്രണം ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി വ്യക്തമാക്കണം'
text_fieldsകൽപ്പറ്റ: കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ എണ്ണം പെരുകിയെന്നും അവയുടെ ജനനനിയന്ത്രണത്തിന് കോടതിയെ സമീപിക്കുമെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവനക്കുള്ള വസ്തുതകൾ സംബന്ധിച്ച് എന്തു പഠനമാണുള്ളതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആരാണ് ക്യാരിയിങ്ങ് കപ്പാസറ്റി കണക്കാക്കിയതെന്നും ശാസ്ത്രീതമായി ആരാണ് ഇത് പഠിച്ചതെന്നും മന്ത്രി വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
വനയാട്ടിലെ കടുവകളെ സംബന്ധിച്ച് പ്രചരിക്കുന്നത് അതിശയോക്തിയും അസംബന്ധവും നിറഞ്ഞ കണക്കുകളാണ്. ദേശീയ കടുവ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് വയനാട്ടിലെ മുന്നു ഡിവിഷനുകളിലായി 50ൽ താഴെ കടുവകളാണുള്ളത്. അത് 250ലെ കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്ന കാടുകളിലാണ്.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിനെ തുടർന്ന് മലയോര മേഖലയിൽ ചില തത്പരകക്ഷികൾ കർഷകരുടെ പ്രശ്നങ്ങൾ കൈകര്യം ചെയ്യാനെന്ന പേരിൽ പുതുതായി രൂപം കൊണ്ടിട്ടുണ്ട്. ഇത്തരക്കാർ വനത്തിനും വനം വകുപ്പിനും വന്യജീവികൾക്കുമെതിരെ അഴിച്ചുവിടുന്ന വിദ്വേഷ പ്രചരണമാണ് വന്യജീവികളുടെ എണ്ണപ്പെരുപ്പം. ഒട്ടും യുക്തിസഹമല്ലാത്ത ഇത്തരം വാദങ്ങളുടെ കുഴലൂത്തുകാരനാവുകയാണ് മന്ത്രിയെന്നും സമിതി കുറ്റപ്പെടുത്തി.
വയനാടൻ കാടുകളിൽ സ്ഥിരമായ നിൽക്കുന്ന ആനക്കൂട്ടങ്ങൾ വളരെ കുറവാണ്. വയനാട്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങി മനുഷ്യരുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് വിരലിലെണ്ണാവുന്ന കൊമ്പനാനകൾ മാത്രമാണ്. വയനാട്ടിലെ മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിന് മുമ്പ് വന്യജീവി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോസ്ഥർ, ആദിവാസികൾ, ഗ്രാമപഞ്ചായത്തുകൾ കർഷകർ തുടങ്ങിയവരുടെ അഭിപ്രായം ക്രോഡീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സമിതിയോഗത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ അധ്യക്ഷനായി. തോമസ് അമ്പലവയൽ, ബാബു മൈലബാടി, സണ്ണീ മരക്കടവ്, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, എം. ഗംഗാധരൻ, എം.വി. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.