തോട്ടങ്ങളിൽനിന്ന് മടങ്ങുന്നു; വെറും കൈയോടെ
text_fieldsതമിഴ്നാട്ടിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് താമസിപ്പിച്ചാണ് തോട്ടങ്ങളിൽ ആദ്യകാലങ്ങളിൽ പണിയെടുപ്പിച്ചിരുന്നത്. അവരുടെ പിന്മുറക്കാരാണ് ഇന്ന് പല തോട്ടങ്ങളിലും അവശേഷിക്കുന്ന തൊഴിലാളി കുടുംബങ്ങൾ. 1960കളിൽ രൂപപ്പെട്ട രൂക്ഷമായ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ സർക്കാറിെൻറ ഗ്രോ മോർ ഫുഡ് പദ്ധതിയനുസരിച്ച് തോട്ടങ്ങളിൽ ഇടവിളയായി ഭക്ഷ്യവിളകൾ കൃഷിചെയ്യാൻ അനുമതി നൽകിയിരുന്നു. അതുപ്രകാരം കൃഷി ചെയ്യാൻ തൊഴിലാളികളെത്തന്നെ മാനേജ്മെൻറുകൾ ചുമതലപ്പെടുത്തി. അവർക്ക് ഭൂമിയും വിട്ടുനൽകി. ആ ഭൂമികൾ പലതും തൊഴിലാളികൾ തിരികെ ഏൽപ്പിച്ചിട്ടുണ്ട്.
കാലക്രമത്തിൽ ഈ ഭൂമികൾ പലതും കൈയേറി. മാനേജ്മെൻറുകൾതന്നെ വിൽപന നടത്തുകയും ചെയ്തിട്ടുണ്ട്. കണക്കിൽ ഈ ഭൂമികളെല്ലാം അന്നു കൃഷിക്കായി വിട്ടുനൽകിയ തൊഴിലാളികളുടെ പേരിലാണ് ഇപ്പോഴുമുള്ളത്. അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ജീവിതകാലം മുഴുവൻ അധ്വാനിച്ചതിെൻറ ആനുകൂല്യം വാങ്ങാനാകാതെ പലരും മരിച്ചു പോയി. മൂന്നും നാലും തലമുറക്കുശേഷമുള്ള അവശേഷിക്കുന്ന ഇന്നത്തെ തൊഴിലാളികൾ ജോലിയിൽനിന്ന് പിരിയുമ്പോൾ അവരുടെ ഗ്രാറ്റിവിറ്റിയും േപ്രാവിഡൻറ് ഫണ്ടും പെൻഷൻ ആനുകൂല്യങ്ങളും ആ പേരിൽ തടഞ്ഞുവെക്കുകയാണ് എസ്റ്റേറ്റ് മാനേജ്മെൻറുകൾ. ഇതിനെതിരെ ലേബർ കോടതിയെ സമീപിച്ച് തൊഴിലാളികൾ അനുകൂല ഉത്തരവ് സമ്പാദിച്ചാൽത്തന്നെ കമ്പനി ഹൈകോടതിയിൽ അപ്പീൽ നൽകും. കേസ് നടത്താനുള്ള സാമ്പത്തികശേഷിയൊന്നും ഈ കുടുംബങ്ങൾക്കില്ലാത്തതിനാൽ കാര്യങ്ങൾ കമ്പനിക്ക് അനുകൂലമാകും.
തോട്ടത്തിനുള്ളിൽ എവിടെയെങ്കിലും തൊഴിലാളിയുടെ സ്വന്തംപേരിലുള്ള രണ്ടോ മൂന്നോ സെൻറ് സ്ഥലത്ത് ഒരു സർക്കാർ വീട് അനുവദിച്ചുകിട്ടുന്നതിനും കമ്പനി തടസ്സം നിൽക്കുകയാണ്. അരപ്പറ്റ എസ്റ്റേറ്റ് നെടുങ്കരണ ഡിവിഷനിലെ 58 വയസ്സുള്ള ശാന്തയുടെ കഥ അതിന് തെളിവാണ്. ശാന്തയുടെ മുൻതലമുറയിൽപ്പെട്ടവർ 1942ൽ തമിഴ്നാട്ടിൽനിന്ന് ജോലിക്കെത്തിയതാണ്. ശാന്ത 17 വയസ്സിൽ ജോലിക്കിറങ്ങി. 2019ൽ സർവിസിൽനിന്ന് പിരിയുന്നതിന് ഒരു മാസം മുമ്പാണ് പിരിച്ചുവിട്ടതായി കമ്പനി അറിയിക്കുന്നത്. സർവിസ് ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവെച്ചു. കൈവശമുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് വെച്ചായിരുന്നു താമസം. ഇതിനിടെ വില്ലേജ് ഓഫിസർ നൽകിയ കൈവശരേഖയുടെ പിൻബലത്തിൽ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. രണ്ടു ഗഡു പണവും നൽകി. വീട്പണി പുരോഗമിക്കുന്നതിനിടെ കമ്പനിയുടെ വക കേസ്. സർവേ നമ്പർ 291ൽ അനധികൃതമായി ശാന്ത കൈയേറിയതാണ് ഭൂമിയെന്നായിരുന്നു കമ്പനിയുടെ വാദം. ഇതോടെ സർക്കാർ സഹായവും മുടങ്ങി. 40 വർഷത്തിലേറെക്കാലം ജോലിചെയ്ത തനിക്ക് തെരുവിലേക്കിറങ്ങുകയോ ആത്മഹത്യയോ അല്ലാതെ മറ്റു പോംവഴിയില്ലെന്ന് ശാന്ത പറയുന്നു.
ഭൂമിയുടെ കൈവശാവകാശ രേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം സർക്കാർ ഭവന പദ്ധതി (ലൈഫ്) വാർഡിൽ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് വാർഡ് മെംബർ വി.എൻ. ശശീന്ദ്രൻ പറയുന്നു. വാർഡിലെ 30ൽപരം ലൈഫ് പദ്ധതി അപേക്ഷകൾ അനിശ്ചിതത്വത്തിലാണ്. 64 വയസ്സുള്ള മീനാക്ഷിയുടെ രക്ഷിതാക്കൾ 1930കളിൽ തമിഴ്നാട്ടിൽനിന്ന് നെടുങ്കരണ ഡിവിഷനിൽ വന്നതാണ്. 1967ൽ മീനാക്ഷിയും ജോലിക്കിറങ്ങി. 35 വർഷം ജോലി ചെയ്തു. 2004ൽ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഗ്രാറ്റിവിറ്റിയും പി.എഫ് ആനുകൂല്യവും പെൻഷനും ഒന്നുമില്ല.
എച്ച്.എം.എൽ കമ്പനിയുടെ എസ്റ്റേറ്റുകളിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ 50ലേറെ കേസുകൾ ഹൈകോടതിയിലുണ്ടെന്നാണറിയുന്നത്. നൂറുകണക്കിന് കേസുകൾ ലേബർ കോടതികളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.