തസ്തികയിലെ അവ്യക്തത നീക്കി ഉത്തരവ്; വയനാടിന് ഇനി ഒരു ഡി.ഡി.ഇ
text_fieldsകൽപറ്റ: ജില്ലയിലെ ഡി.ഡി.ഇ തസ്തികയിലെ അവ്യക്തത നീക്കി സർക്കാർ ഉത്തരവ് വന്നതോടെ വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനം സുഗമമാവുമെന്ന് പ്രതീക്ഷ. ഒരു മാസത്തോളമായി ഒരേ തസ്തികയിൽ രണ്ട് ഉദ്യോഗസ്ഥർ വന്നതോടെ ഒരു പ്രവർത്തനവും നടക്കാതിരുന്ന അവസ്ഥയായിരുന്നു. നിയമനം ഒരാൾക്ക് മാത്രമായി 'ചുരുക്കി' പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതോടെ ജില്ലയിലെ താളംതെറ്റിയ അവസ്ഥക്ക് മാറ്റമുണ്ടാവുമെന്നാണ് നിഗമനം. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഡി.ഡി.ഇ) കെ. ശശി പ്രഭക്ക് വയനാട്ടിൽ തന്നെ തുടരാമെന്നാണ് ഉത്തരവ്. ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവന്ന ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസിനെ കണ്ണൂർ ഡി.ഡി.ഇ ആയാണ് നിയമിച്ചത്. കണ്ണൂർ ഡി.ഡി.ഇയായ കെ. ബിന്ദുവിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. ഇതോടെയാണ് വയനാട്ടിലെ രണ്ട് ഡി.ഡി.ഇ പ്രശ്നത്തിന് പരിഹാരമാവുന്നത്.
ഒരേ തസ്തികയിൽ രണ്ടുപേർ
വയനാട്ടിൽ നിന്ന് സ്വന്തം ജില്ലയായ മലപ്പുറത്ത് ഒഴിവുണ്ടായിട്ടും തന്നെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയതിലെ അനൗചിത്യം ചോദ്യംചെയ്ത് ഡി.ഡി.ഇ ശശിപ്രഭ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അവരോട് വയനാട്ടിൽ തുടരാൻ നിർദേശിച്ചു. അവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ പകരം സർക്കാർ ഡി.ഡി.ഇയായി നിയോഗിച്ച വി.എ. ശശീന്ദ്രവ്യാസും വയനാട്ടിൽ ചുമതലയേറ്റെടുത്തു. ഇതോടെയാണ് കോടതി ഉത്തരവ് പ്രകാരം ഒരാളും സർക്കാർ ഉത്തരവുപ്രകാരം മറ്റൊരാളും വയനാട്ടിൽ ഡി.ഡി.ഇ കസേരയിലെത്തിയത്.
രണ്ടുപേരും ജില്ലയിൽ ജോലിയിലുണ്ടായിരുന്നെങ്കിലും അധികാരം ആർക്കെന്നത് തിട്ടമില്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനം സ്തംഭിച്ചു. ഡി.ഡി.ഇമാരിൽ ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ ഓഫിസ് ജീവനക്കാരും കുഴങ്ങി.
ഓഫിസ് പ്രവർത്തനം അവതാളത്തിലായതിനാൽ, വെള്ളമുണ്ട എ.യു.പി സ്കൂളിലെ നിയമന വിവാദം അന്വേഷിച്ചത് അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിലാണ്. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഡി.ഡി.ഇമാരെ പുനർനിർണയിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ട്രാക്കിലാവുമോ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്?
എസ്.എസ്.എൽ.സി, പ്ലസ് ടു പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അവലോകനയോഗം ചേരാനോ പുതിയ പരിപാടികൾ ആസൂത്രണം ചെയ്യാനോ ജില്ലയിലെ വിദ്യാഭ്യാസ വുകുപ്പിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാനതലത്തിൽ വിജയ ശതമാനത്തിൽ ജില്ല ഏറ്റവും പിന്നിലായിട്ടും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ഥലം മാറ്റങ്ങളിൽ രാഷ്ട്രീയം കലർത്തുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവർക്ക് തുടർച്ചയായി ജില്ലയുടെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകുന്ന അവസ്ഥയുണ്ടാവുന്നതും പ്രവർത്തനങ്ങൾ താളംതെറ്റാൻ ഇടയാക്കുന്നുണ്ട്. ഓഫിസർമാരുടെ കസേരകളിൽ ആളില്ലാതാവുന്നതോടെ ജില്ല പഞ്ചായത്തിന്റേതടക്കം വിദ്യാഭ്യാസ വികസന ഫണ്ടുകൾ വിനിയോഗിക്കാനാവുന്നില്ലെന്ന പരാതിയും ജില്ലയിൽ പതിവായി ഉയരാറുണ്ട്. ഓഫിസർമാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നടപടികളാണ് വിദ്യാലയങ്ങളുടെയും വിദ്യാർഥികളുടെയും പുരോഗതിയെ തടസ്സപ്പെടുത്തുന്നതിന് ഒരു കാരണം. ഡി.ഡി.ഇ പ്രശ്നത്തിന് പരിഹാരമായതോടെ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്കിലാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.