ഫുട്ബാളിൽ വയനാടിന്റെ ചാമ്പ്യൻ ടീമായി എ.എഫ്.സി അമ്പലവയൽ
text_fieldsമുട്ടിൽ: കാൽപന്തുകളിയിൽ വയനാടൻ തമ്പുരാക്കന്മാരായി എ.എഫ്.സി അമ്പലവയൽ. ജില്ല എ ഡിവിഷൻ ലീഗ് ഫുട്ബാളിന്റെ ആവേശകരമായ കലാശപ്പോരിൽ സ്പൈസസ് മുട്ടിലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് എ.എഫ്.സി കിരീടം ചൂടിയത്. ആദ്യ പകുതിയിൽ ഫ്രീകിക്കുകളിൽനിന്ന് മനാഫ് നേടിയ തകർപ്പൻ ഇരട്ട ഗോളുകളാണ് ജില്ല ചാമ്പ്യന്മാർക്കുള്ള ജിനചന്ദ്രൻ മെമ്മോറിയൽ ട്രോഫി അമ്പലവയലിന്റെ ഷോക്കേസിലെത്തിച്ചത്. മുട്ടിൽ ഡബ്ല്യു.എം.ഒ കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ അമ്പലവയൽ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ഗോളിലേക്ക് വല കുലുക്കാൻ അരമണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നു. ഒരുതവണ അജ്മലിന്റെ തകർപ്പൻ ഹെഡർ ക്രോസ്ബാറിൽ മുത്തമിട്ടാണ് വഴിമാറിപ്പറന്നത്. പതിയെ പ്രത്യാക്രമണം ശക്തമാക്കിയ മുട്ടിൽ രണ്ടു തവണ ഫ്രീകിക്കിലൂടെ ഗോളിനടുത്തെത്തിയെങ്കിലും ഗോളി അജയ് അമ്പലവയൽ രക്ഷക്കെത്തി. ഇതിനു പിന്നാലെ 34ാം മിനിറ്റിൽ സ്പൈസസ് പ്രതിരോധം ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവിൽനിന്ന് പന്തെടുത്ത് കുതിച്ച അമ്പലവയൽ ലീഡ് നേടി. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്കിൽ മനാഫ് ഉതിർത്ത ഷോട്ട് മുട്ടിൽ ഗോളി ഷഫീഖിന് അവസരമൊന്നും നൽകിയില്ല. 11 മിനിറ്റുകൾക്ക് ശേഷം വീണ്ടും മനാഫിന്റെ ഫ്രീകിക്ക്. ഇക്കുറിയും ഷഫീഖ് കാഴ്ചക്കാരൻ മാത്രമായി. ഇടവേളക്കു പിരിയാനിരിക്കെ അമ്പലവയൽ രണ്ടു ഗോളിന് മുന്നിൽ.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ കാണികളുടെ പിന്തുണയോടെ മുട്ടിൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം കനപ്പിച്ച് അമ്പലവയൽ പിടിച്ചുനിന്നു. ഫൈനലിലെ മികച്ച താരവും ടൂർണമെൻറിലെ ടോപ് സ്കോററും മനാഫാണ്. മികച്ച ഗോൾകീപ്പറായി അമ്പലവയലിന്റെ അജയ് തിരഞ്ഞെടുക്കപ്പെട്ടു. സ്പൈസസിന്റെ റഫീഖാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്. വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ട്രോഫി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.