ബജറ്റിൽ പ്രതീക്ഷയോടെ വയനാട്
text_fieldsകൽപറ്റ: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് വയനാട്. ജനുവരിയിൽ സർക്കാറിെൻറ അവസാന ബജറ്റിൽ 900 കോടിയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതിനു പുറമെ, ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വയനാടിെൻറ സമഗ്ര വികസനത്തിനായി 7000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.
ബജറ്റിലും മറ്റുമായി വയനാടിനായി പ്രഖ്യാപനങ്ങൾക്ക് പഞ്ഞമില്ലെങ്കിലും പലതും നടപ്പാകാറില്ലെന്നതാണ് യാഥാർഥ്യം. ഏതാനും വർഷങ്ങളായി ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും ആവർത്തനങ്ങളാണ്. കൃഷി, ടൂറിസം, ആദിവാസി വിഭാഗങ്ങളുടെ പുരോഗതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും മെഡിക്കൽ കോളജ്, ചുരം ബദൽപാത ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികളുടെ പൂർത്തീകരണത്തിനും ഇത്തവണ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ജില്ലക്കാർ പ്രതീക്ഷിക്കുന്നു. കോവിഡിൽ തളർന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടെങ്കിൽ മാത്രമേ ജില്ലക്ക് കരകയറാനാകൂ.
കർഷകരെ ചേർത്തുപിടിക്കണം
വിലയിടിവിലും ഉൽപാദന കുറവിലും നട്ടംതിരിഞ്ഞിരുന്ന കർഷകർക്ക് പ്രളയങ്ങളും കോവിഡും ഏൽപിച്ച ആഘാതം വലുതാണ്. ഇഞ്ചി, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയ വിളകൾക്കൊന്നും വിലയില്ല. കൃഷിച്ചെലവ് കൂടുന്നതും ഉൽപാദനം കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പല വിളകൾക്കും സർക്കാർ നിശ്ചയിച്ച തറവില അപര്യാപ്തമാണ്. ചെറിയൊരു വിഭാഗത്തിന് മാത്രമേ ഇതിെൻറ ആനുകൂല്യം ലഭിക്കുന്നുള്ളൂ. വന്യജീവി ശല്യമാണെങ്കിൽ ദിനംപ്രതി വർധിക്കുകയാണ്. രാസവളങ്ങളുടെ വിലവർധനയും വിളനാശവും രോഗങ്ങളും കർഷകരെ വലക്കുന്നു.
കിഴങ്ങ് വർഗങ്ങളടക്കം വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ക്ഷീര മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബജറ്റിൽ കർഷകരെ സഹായിക്കാൻ പദ്ധതികളില്ലെങ്കിൽ വരാനിരിക്കുന്നത് ആത്മഹത്യകളുടെ നാളുകളാകും. വിലത്തകർച്ചയുള്ള കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, വായ്പ തിരിച്ചടവിന് സാവകാശം നൽകുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയവയാണ് കർഷകർ ആവശ്യപ്പെടുന്നത്.
സഞ്ചാരികളെ കാത്ത് വയനാട്
ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് വിനോദസഞ്ചാരം. പ്രളയത്തിൽനിന്ന് ഒരു വിധത്തിൽ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് വ്യാപനം. ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മേഖല പൂർണ തകർച്ചയിലാണ്. വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവിപ്പിക്കാൻ ബജറ്റിൽ നിർദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി കൂടുതൽ തുക ചെലവഴിച്ചാൽ മാത്രമേ, കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകൂ. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് തുക അനുവദിക്കണം. പുതിയ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് നടപടികൾ സ്വീകരിക്കണം. പരിസ്ഥി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കണം.
കുതിക്കണം ആരോഗ്യവും വിദ്യാഭ്യാസവും
മാനന്തവാടി ജില്ല ആശുപത്രിയെ ഫെബ്രുവരിയിൽ വയനാട് മെഡിക്കൽ കോളജ് ആയി ഉയർത്തുകയും പ്രിൻസിപ്പൽ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടർപ്രവർത്തനങ്ങളൊന്നും നടന്നില്ല.പൂർണ സജ്ജമായ ഒരു മെഡിക്കൽ കോളജിനായി വയനാട്ടുകാർ ഇനിയും എത്ര കാത്തിരിക്കണം. താലൂക്ക് ആശുപത്രികളിലും മറ്റു പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും നൂതന ചികിത്സ-പരിശോധന സംവിധാനങ്ങൾ ആരംഭിക്കണം.
മെച്ചപ്പെട്ട ചികിത്സ തേടി ചുരുമിറങ്ങേണ്ടിവരുന്ന വയനാട്ടുകാരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ ആരംഭിക്കേണ്ടതുണ്ട്. സുൽത്താൻ ബത്തേരി ഗവ. കോളജ് ഉൾപ്പെടെ പുതിയ കോളജുകളും കോഴ്സുകളും ആരംഭിക്കണം. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുൻഗണന നൽകണം.
വേണം ബദൽപാതയും റെയിലും
ഓരോ മഴക്കാലത്തും വയനാട് ചുരത്തിൽ മണ്ണ് ഇടിയുമ്പോൾ വയനാട്ടിലുള്ളവർ കാൽ നൂറ്റാണ്ട് പഴക്കുമുള്ള അതേ സ്വപ്നം വീണ്ടും കാണും -ചുരത്തിനു ബദൽറോഡ്. പറയാൻ ഒരുപാട് ബദൽ റോഡുകളുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണ്.
ബദൽ റോഡുകളെല്ലാം വനമെന്ന കുരുക്കിൽ തട്ടി അവസാനിക്കും. പൂഴിത്തോട്-പടിഞ്ഞാറത്തറ, ചിപ്പിലിത്തോട്-തളിപ്പുഴ, കുഞ്ഞോം-വിലങ്ങാട് തുടങ്ങിയ ബദൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇത്തവണയെങ്കിലും ഫണ്ട് അനുവദിക്കും എന്ന് പ്രതീക്ഷിക്കാം.
മേപ്പാടി തുരങ്കപാത യഥാർഥ്യമാകുന്നതിന് ഓട്ടേെറ കടമ്പകൾ ഇനിയും കടക്കണം. പദ്ധതിയുടെ വിശദ റിപ്പോർട്ട് തയാറാക്കാനുള്ള പ്രവർത്തനങ്ങൾ കെ.ആർ.സി.എൽ ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി-നിലമ്പൂർ, നിലമ്പൂർ-നെഞ്ചൻകോട് റെയിൽപാതകളുടെ നിർമാണം കേന്ദ്രാനുമതി വാങ്ങി പൂർത്തിയാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം.
ജില്ലയിലെ പ്രധാന റോഡുകൾ നവീകരിക്കുന്നതിനുള്ള തുക അനുവദിക്കണം.
കണ്ണിൽ പൊടിയിടുന്ന വയനാട് പാക്കേജ് വേണ്ട
ബജറ്റുകളിൽ വയനാട് പാക്കേജ് എന്ന പേരിൽ വലിയ പ്രഖ്യാപനത്തിന് ഒരു കുറവുമില്ല. എല്ലാം പ്രഖ്യാപനത്തിൽതന്നെ ഒതുങ്ങുന്നതാണ് ഇതുവരെയുള്ള അനുഭവം. 2020 ഫെബ്രുവരിയിൽ 2000 കോടി രൂപ ചെലവിൽ മൂന്നുവർഷംകൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ബ്രാൻഡഡ് കാപ്പിയുടെ വിപണനത്തിന് മെഗാ ഫുഡ് പാർക്ക്, കാർബൺ ന്യൂട്രൽ പദ്ധതി എന്നിങ്ങനെ സ്ഥിരം നിർദേശങ്ങളായിരുന്നു പാക്കേജിൽ. പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 7000 കോടിയുടെ പഞ്ചവത്സര പാക്കേജും പ്രഖ്യാപിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നു മാത്രം. വയനാട് കാപ്പി ബ്രാൻഡിങ്, കാർബൺ ന്യൂട്രൽ, കാപ്പി സംഭരണം, തുരങ്കപാത, മെഡിക്കൽ കോളജ് തുടങ്ങിയവ നേരേത്ത പ്രഖ്യാപിച്ചിരുന്ന പദ്ധതികൾതന്നെയാണ് ഇടംനേടിയത്. ഇത്തവണയെങ്കിലും ജില്ലയുടെ വികസനത്തിന് പ്രായോഗിക നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് പ്രത്യാശിക്കാം.
നിർദേശങ്ങൾ
- കർഷകരുടെ ലോക്ഡൗൺ കാലയളവിലെ പലിശ ഒഴിവാക്കണം. ക്ഷീര കർഷകർക്ക് കാലിത്തീറ്റ സൗജന്യമായി നൽകണം. തറവില ഉയർത്തി എല്ല കർഷകരിൽനിന്നും ഉൽപന്നങ്ങൾ സർക്കാർ സംഭരിക്കണം. ഏലത്തിന് 2000 രൂപ താങ്ങുവില പ്രഖ്യാപിക്കണം.
എം. സുരേന്ദ്രൻ, ഹരിതസേന ജില്ല പ്രസിഡൻറ്
- സ്വർണത്തിന് വില വർധിച്ച സാഹചര്യത്തിൽ പ്രളയ സെസ് ഒഴിവാക്കണം. ബാങ്ക് വായ്പകൾക്ക് ലോക്ഡൗൺ കാലയളവിലെ പലിശ ഒഴിവാക്കി ആറുമാസമെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടികളുണ്ടാകണം. ചെറുകിട വ്യാപാരികൾക്ക് പലിശരഹിത വായ്പ അനുവദിക്കണം.
ജസീർ അഹമ്മദ്, മാണിക്യം ജ്വല്ലേഴ്സ്
- കമ്പ്യൂട്ടർ ഉൾപ്പെടെ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ബജറ്റിൽ കൂടുതൽ പരിഗണന നൽകണം. പ്ലസ് ടു പഠനത്തിനുശേഷം വലിയൊരു വിഭാഗം ഇത്തരം തൊഴിലധിഷ്ഠിത കോഴ്സുകളെയാണ് ഉപരിപഠനത്തിനായി ആശ്രയിക്കുന്നത്.
ജോർജ് സക്കറിയ, ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ
- ചെറുകിടവ്യാപാരികൾക്ക് പലിശരഹിത വായ്പ അനുവദിക്കണം. ലോക്ഡൗൺ കാലയളവിലെ വൈദ്യുതി ബില്ലുകളിലെ സർ ചാർജ് ഒഴിവാക്കണം. ലോക്ഡൗണിൽ കട അടഞ്ഞുകിടന്നതിനാൽ ദുരിതത്തിലായ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിക്കണം.
എച്ച്. ഷിബു, ഡയറക്ടർ, യെസ് ഭാരത് വെഡിങ് കലക്ഷൻ
- നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും പാചക ഗ്യാസ്, ഇന്ധനവില കുറക്കാനും നടപടിയുണ്ടാകണം. വിഷം കലരാത്ത പച്ചക്കറി ലഭ്യമാക്കാൻ കുടുംബങ്ങൾക്ക് പച്ചക്കറികൃഷി വ്യാപകമാക്കാൻ ഫണ്ട് അനുവദിക്കണം. വിദ്യാഭ്യാസം ഡിജിറ്റൽ പ്ലാറ്റ്ഫോമിലായ പശ്ചാത്തലത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ വായ്പ ലഭ്യമാക്കണം. കാർഷിക ബാങ്ക് വായ്പകൾ എഴുതിത്തള്ളണം.
കെ. ശ്രീജ, വീട്ടമ്മ, മേപ്പാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.