എല്ലാവർക്കും എത്താവുന്ന സ്ഥലത്ത് മെഡി. കോളജ് സ്ഥാപിക്കണം -കെ.ജി.എം.ഒ.എ
text_fieldsകൽപറ്റ: ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളായ മാനന്തവാടി ജില്ല ആശുപത്രിയോ, ബത്തേരി താലൂക്ക് ആശുപത്രിയോ, മറ്റു സ്ഥാപനങ്ങളോ മെഡിക്കൽ കോളജാക്കി ഉയർത്താനുള്ള നീക്കത്തെ അപലപിച്ച് കെ.ജി.എം.ഒ.എ. ഇത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കും.
നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കും. ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും എളുപ്പത്തിൽ സഞ്ചരിച്ചെത്താവുന്ന ഒരു സ്ഥലത്ത്, പുതിയതായി ഭൂമി കണ്ടെത്തി എല്ലാ സൗകര്യങ്ങളോടെയും മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതാണ് ഉചിതമെന്നും ജില്ല പൊതുയോഗം ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം പറയുന്നു.
പുതിയ ജില്ല പ്രസിഡൻറ് ഡോ. ടി.കെ. കർണൻ, സെക്രട്ടറി ഡോ. ജോസ്റ്റിൻ ഫ്രാൻസീസ് എന്നിവർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് മെഡിക്കൽ കോളജ് വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചത്. ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു.
'ജില്ല ആശുപത്രിയിൽ തുടങ്ങണം'
മാനന്തവാടി: മെഡിക്കൽ കോളജ് ഉടൻ ജില്ല ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണമെന്ന് സ്പന്ദനം മാനന്തവാടി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് തുടങ്ങാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇൗ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ താൽക്കാലിക സൗകര്യം ഒരുക്കാൻ തയാറാണെന്നും യോഗം വ്യക്തമാക്കി. പ്രസിഡൻറ് ബാബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം.ജെ. വർക്കി, കൈപ്പാണി ഇബ്രാഹിം, കെ.എം. ഷിനോജ്, കോമത്ത് മുസ്തഫ, ജസ്റ്റിൻ പനച്ചിയിൽ, പി.സി. ജോൺസൺ, വി.ജെ. ഷാജു, വി.എസ്. ഗിരീശൻ, കെ. രാഘവൻ, മനു മത്തായി, എം. കരുണാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.