പതിനെട്ടടവും പയറ്റിയിട്ടും 18 ദിവസം കഴിഞ്ഞിട്ടും കടുവ എവിടെ?
text_fieldsമാനന്തവാടി: കുറുക്കൻമൂല പ്രദേശത്ത് ഭീതിവിതച്ച കടുവ പതിനെട്ടാം ദിവസവും ഒളിച്ചുകളി തുടരുന്നു. വനം വകുപ്പിനെയും നാട്ടുകാരെയും വെട്ടിച്ച് വ്യാഴാഴ്ച അർധരാത്രി കടുവ രണ്ട് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയും ഒന്നിനെ ഭക്ഷിക്കുകയും ചെയ്തു.
പയ്യമ്പള്ളി പുതിയിടം വടക്കുംപാടത്ത് ജോൺസൺ മാഷിെൻറ രണ്ടര വയസ്സുള്ള പശുക്കിടാവിനെയാണ് തൊഴുത്തിൽനിന്ന് കടിച്ച് 10 മീറ്റർ അകലെ വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിച്ചത്. ഇതിന് അരക്കിലോ മീറ്റർ ദൂരത്തുള്ള പരുന്താനിയിൽ ടോമിയുടെ ആടിനെ പിടികൂടി വയലിൽ കൊണ്ടുപോയി ഭക്ഷിച്ചു. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി, കടുവയാണ് കൊന്നതെന്ന് സ്ഥിരീകരിക്കുകയും സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു.
നിലവിൽ ആക്രമണം നടന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തുള്ള ജനവാസ കേന്ദ്രത്തിലാണ് കടുവയുടെ ആക്രമണം നടന്നത്. 18 ദിവസമായിട്ടും കടുവയെ പിടികൂടാനാകാത്തതിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയരുകയും ജോൺസൺ മാഷിെൻറ വീട്ടിലെത്തിയ നോർത്ത്, സൗത്ത് വയനാട് ഡി.എഫ്.ഒമാരായ രമേശ് ബിഷ്ണോയ്, എ. ഷജ്ന, കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. സുനിൽകുമാർ എന്നിവരെ നാട്ടുകാർ ഉപരോധിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ചർച്ചയെ തുടർന്ന് നിലവിലുള്ള രണ്ട് മയക്കുവെടി സംഘത്തിനുപുറമെ ഒരു സംഘത്തെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു മയക്കുവെടി വിദഗ്ധനായ ഡോക്ടറെക്കൂടി സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള കൂടുതൽ വനപാലക സംഘവും തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.
പുതിയിടത്ത് കൂട് സ്ഥാപിച്ചു
മാനന്തവാടി: ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയതോടെ പുതിയിടത്ത് കൂട് സ്ഥാപിച്ചു. വ്യാഴാഴ്ച പശുവിനെ പിടികൂടിയ പുതിയിടം വടക്കുംപാടത്ത് ജോൺസൺ മാഷിെൻറ വീടിനുസമീപത്താണ് കൂട് സ്ഥാപിച്ചത്. ഇവിടെ കൊന്ന പശുവിനെയാണ് കൂട്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. കാവേരി പൊയിൽ ചെങ്ങോത്ത് സ്ഥാപിച്ച കൂടാണ് മാറ്റിസ്ഥാപിച്ചത്.
ദൗത്യം ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വയനാട്ടിലെത്തും
മാനന്തവാടി: വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതിപരത്തുന്ന കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായി ദൗത്യത്തിന് നേരിട്ട് നേതൃത്വം നൽകാൻ വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എത്തും. വ്യാഴാഴ്ച രാവിലെ വനം മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്ത ദിവസം തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എത്തിയേക്കും. ഇതിനിടെ കൂടുകൾ മാറ്റിസ്ഥാപിച്ചും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കി
ഡി.എഫ്.ഒയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
മാനന്തവാടി: കടുവയെ പിടികൂടാൻ നേതൃത്വം നൽകിയ നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയിയെ സ്ഥലം മാറ്റിയ നടപടി താൽക്കാലികമായി മരവിപ്പിച്ചു. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് കടുവയെ പിടികൂടുന്നതുവരെ സ്ഥലംമാറ്റം നിർത്തിവെച്ചത്. ബുധനാഴ്ചയാണ് ബിഷ്ണോയിയെ തിരുവനന്തപുരം വനം ആസ്ഥാനത്തേക്ക് മാറ്റിയത്. മലയാറ്റൂർ ഡി.എഫ്.ഒ ദർശൻ ഖട്ടാനിയെയാണ് നോർത്ത് വയനാട്ടിലേക്ക് നിയമിച്ചത്. യും കടുവയെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. സബ് കലക്ടറുടെ ഓഫിസിൽ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു.
നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം –സംഷാദ് മരക്കാര്‍
മാനന്തവാടി: കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുവയുടെ തുടര്‍ ആക്രമണങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഭീമമാണെന്നതിനാല്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജായി നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.
കടുവ ഭീതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല് പോലും സൊസൈറ്റികളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. കാപ്പി പറിക്കാനോ നെല്ല് കൊയ്യാനോ ജോലിക്കാരെ കൃഷിയിടങ്ങളിലേക്ക് ഇറക്കാൻ സാധിക്കാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇത് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. അടിയന്തരമായി ജില്ലയിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാന്‍ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.