വന്യമൃഗങ്ങളുടെ വംശവർധന പരിശോധിക്കണം -സർവകക്ഷി യോഗം
text_fieldsകൽപറ്റ: വന്യമൃഗ ശല്യം നിരന്തരമായുണ്ടാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനങ്ങള്ക്കുള്ക്കൊള്ളാന് പറ്റാത്തവിധം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന സർവകക്ഷി യോഗം അവശ്യപ്പെട്ടു. ജില്ലയില്‍ മുമ്പില്ലാത്ത വിധത്തില്‍ വന്യജീവികളുടെ ശല്യം വർധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിനൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വന്യമൃഗ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ കെ.എഫ്.ആര്.ഐയെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളിലായി വന്യജീവി ആക്രമണം വർധിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. വംശ വർധനവ്, ആവാസ വ്യവസ്ഥയിലെ മാറ്റം, കാട്ടിനകത്തെ ഭക്ഷണ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നു. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരുത്തുന്ന നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും രാഷ്ട്രീയ നേതൃത്വം നല്‍കണമെന്ന് മന്ത്രി അഭ്യർഥിച്ചു. സുഗമമായ നടപടികള്‍ക്ക് പ്രാദേശിക സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തില്‍ പി. ഗഗാറിന്, എന്‍.ഡി. അപ്പച്ചന്, ഇ.ജെ. ബാബു, സി.കെ. ശശീന്ദ്രന്, കെ.ജെ. ദേവസ്യ, കെ.എല്‍. പൗലോസ്, കെ.കെ. ഹംസ, കെ. വിശ്വനാഥന്, എന്‍.പി. രഞ്ജിത്ത്, സണ്ണി മാത്യൂ, പി.പി. ആലി, ഏച്ചോം ഗോപി, ഷാജി ചെറിയാന്, കെ. സജിത്ത്കുമാര്‍, കെ.വി. മാത്യൂ, സി.എം. ശിവരാമന്, എ.ടി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ഞക്കൊന്ന പിഴുതുമാറ്റാന്‍ നടപടി
വന്യജീവികള്‍ക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതെറിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ ശാസ്ത്രീയമായി പിഴുതുമാറ്റുന്ന പ്രക്രിയ നാലഞ്ചു വര്‍ഷമെടുക്കും. രണ്ടാഴ്ചക്കകം ഇതിനുളള നടപടി തുടങ്ങും. സംസ്ഥാന തലത്തില്‍ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ 31നകം
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്റെ കരട് ഈ മാസാവസനത്തോടെ തയാറാക്കും. രണ്ടു മാസം മുമ്പ് സുൽത്താൻ ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനമായിരുന്നു ഇത്. കരട് പ്ലാന്‍ ജനപ്രതിനിധികളുമായും വിവധ കക്ഷികളുമായും ചര്‍ച്ചചെയ്ത ശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഹ്രസ്വ, ദീര്‍ഘകാലങ്ങളില്‍ ഫലപ്രദമാകുന്ന രീതികളിലുളള പദ്ധതികളാണ് കരട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ചില നടപടികള്‍ അടിയന്തരമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും
വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടുളള കേസുകളില്‍ നഷ്ടപരിഹാരം നല്കുന്നതില് കാലതാമസം വരുത്തില്ലെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി കുറുക്കന് മൂലയിലുണ്ടായ വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തു. ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന സർവകക്ഷി യോഗ നിർദേശം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുരങ്ങ് ശല്യം പ്രതിരോധിക്കാൻ നടപടി
പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കൽപറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവർത്തന സജ്ജമാക്കും. വെറ്ററിനറി സർവകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.