കടച്ചിക്കുന്ന് കാട്ടാനഭീതിയിൽ; അമ്പലവയലില്‍ പുലിയുടെ സാന്നിധ്യം
text_fieldsമൂപ്പൈനാട്: പഞ്ചായത്ത് ഒമ്പതാം വാർഡിൽപ്പെട്ട കടച്ചിക്കുന്ന്, കാട്ടാശ്ശേരി, പാടിവയൽ പ്രദേശങ്ങളിൽ രണ്ട് മാസത്തോളമായി അഞ്ച് കാട്ടാനകളടങ്ങിയ കൂട്ടം വിലസുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്. പ്രദേശവാസികൾ വിവരമറിയിക്കുമ്പോൾ വനം വകുപ്പധികൃതരെത്തി പടക്കം പൊട്ടിച്ച് ആനകളെ വനമേഖലയിലേക്ക് തുരത്താറുണ്ട്. എന്നാൽ, ആനകൾ വീണ്ടുമെത്തുന്നു.
റോഡരികിലും സ്വകാര്യ തോട്ടങ്ങളിലും സന്ധ്യ കഴിഞ്ഞാൽ വീടുകൾക്ക് സമീപത്തു പോലും ആനകളെത്തുകയാണ്. സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. തമിഴ്നാട്, നിലമ്പൂർ വന മേഖലകളിൽ നിന്നാണ് പ്രദേശത്ത് ആനകളെത്തുന്നത്. തീറ്റ തേടി നാട്ടിലിറങ്ങുന്ന ആനകൾ കൃഷികളും നശിപ്പിക്കുന്നതും പതിവാണ്.
വൈദ്യുതി ഫെൻസിങ്ങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികൾ വനം വകുപ്പ് അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
അമ്പലവയലില്‍ പുലിയുടെ സാന്നിധ്യം
സുൽത്താൻ ബത്തേരി: അമ്പലവയല്‍ കുറ്റിക്കൈതയില്‍ ലെറ്റിഷയുടെ വീടിനടുത്ത് ചൊവ്വാഴ്ച രാത്രി പുലി ഇറങ്ങി. പുലിയുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി. മേഖലയില്‍ പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പുലി ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിക്കുമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുലിയുടെ ദൃശ്യം ലഭിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.