എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി; അഞ്ചുവർഷത്തിനുള്ളിൽ വന്യമൃഗശല്യം പരിഹരിക്കും
text_fieldsകൽപറ്റ: ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ഭാഗമായി എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കർഷകരും ആദിവാസികളും തോട്ടം തൊഴിലാളികളും മുതൽ ലൈംഗിക ന്യൂനപക്ഷം വരെയുള്ള സമസ്ത ജനവിഭാഗത്തെയും പരിഗണിക്കുന്നതാണ് പ്രകടന പത്രികയെന്ന് നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ് ഭരണം സമ്മാനിച്ച വികസന മുരടിപ്പിനുള്ള ശാപമോക്ഷമായാണ് പ്രകടനപത്രിക ജനസമക്ഷം അവതരിപ്പിക്കുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വന്യമൃഗ ഭീഷണി തടയുന്നതിനുമടക്കമുള്ള പദ്ധതികളുണ്ട്.
സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, സഹകരണപ്രസ്ഥാനങ്ങൾ, കുടുംബശ്രീ തുടങ്ങി വിവിധ ഏജൻസികൾ നടത്തുന്ന പദ്ധതികളും ഫണ്ടുകളും ഏകോപിപ്പിച്ച് ജില്ലയുടെ സർവതോന്മുഖ വികസനത്തിന് കരുത്ത് പകരുന്ന പദ്ധതികൾ ഉൾപ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കാർഷികോൽപന്നങ്ങൾ സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ ഫാക്ടറികൾ ആരംഭിക്കും, തരിശുനില കൃഷിക്ക് 50 ശതമാനം സബ്സിഡി നൽകും, കാടും നാടും വേർതിരിച്ച് അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗശല്യം പൂർണമായും പരിഹരിക്കും, ബാണാസുര, കാരാപ്പുഴ പദ്ധതികളെ ഉപയോഗപ്പെടുത്തി മുഴുവൻ കൃഷിയിടങ്ങളിലും ജലസേചനത്തിനും വരൾച്ച നേരിടാനുമുള്ള പദ്ധതികൾ, കർഷകതൊഴിലാളി ബാങ്ക് സ്ഥാപിക്കും, തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലായങ്ങൾ മാറ്റി ഫ്ലാറ്റ് സമുച്ചയം, ലൈബ്രറി, കളിസ്ഥലം എന്നിവ അടങ്ങിയ റെസിഡൻഷ്യൽ കോംപ്ലക്സുകൾ നിർമിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
വിദ്യാർഥികൾക്ക് സൗജന്യ ടാബ്ലറ്റുകൾ, പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാൻ ഭക്ഷണം, താമസസൗകര്യം, സ്പെഷൽ അലവൻസ് എന്നിവ ലഭ്യമാക്കും, അർബുദ ചികിത്സക്ക് പോകുന്ന രോഗികൾക്കും സഹായികൾക്കും സൗജന്യ എ.സി ബസ്, ട്രെയിൻ ടിക്കറ്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 16 ഡിവിഷനുകളിലെയും സ്ഥാനാർഥികളും നേതാക്കളും സംഗമിച്ച ചടങ്ങിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങി.
ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ വിശദീകരിച്ചു. നേതാക്കളായ കെ.ജെ. ദേവസ്യ, സി.എം. ശിവരാമൻ, കുര്യാക്കോസ് മുള്ളൻമട, കെ.പി. ശശികുമാർ, എ.പി. അഹ്മദ് എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. മോഹനൻ സ്വാഗതവും വി.പി. വർക്കി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.