കാടുപേക്ഷിക്കുന്ന മൃഗങ്ങൾ
text_fieldsവന്യമൃഗങ്ങൾ കാടിറങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്നായ വിലയിരുത്തപ്പെടുന്നത് വനങ്ങളിലെ അധിനിവേശ സസ്യങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റമാണ്. വനമേഖലകളിൽ വിദേശ സസ്യങ്ങളുടെ കടന്നുകയറ്റം വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടംതട്ടുന്നതായി നിരവധി പഠനങ്ങൾ തെളിയിക്കുന്നു. അധിനിവേശ സസ്യങ്ങൾക്ക് ചുറ്റും മറ്റു സസ്യങ്ങൾ വളരുകയില്ലെന്നതിനാൽ വനത്തിലുള്ള സസ്യഭുക്കുകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരുന്നതോടെ തീറ്റതേടി അവർ വനത്തിന് പുറത്തിറങ്ങുന്നു.
പല അധിനിവേശ സസ്യങ്ങളുടെയും ഗന്ധം വന്യമൃഗങ്ങൾക്ക് പൊരുത്തപ്പെടാനാവാത്തതിനാൽ, അവ അവിടം ഉപേക്ഷിക്കുന്നതിന് കാരണമാകുന്നു. വയനാട് വന്യജീവി സങ്കേത്തിൽ 344.44 ചതുരശ്ര കിലോമീറ്റർ വനമുള്ളതിൽ 50 ശതമാനം ഭാഗങ്ങളിലും വിദേശ സസ്യങ്ങൾ സ്ഥാനം പിടിച്ചതായും അതിൽ 35 ശതമാനത്തിൽ ഇത്തരം സസ്യങ്ങൾ ആധിപത്യം സ്ഥാപിച്ചതുമായും പഠനങ്ങൾ പറയുന്നു. വനം വകുപ്പും ഫേൺസ് നാച്വറൽ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് 2013-14 വർഷത്തിൽ നടത്തിയ പഠനത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽ 16 ചതുരശ്ര കിലോമീറ്ററിൽ ഇത്തരം വിദേശ സസ്യങ്ങൾ പടർന്നതായി കണ്ടെത്തിയിരുന്നു.
2019 ലെ പഠനത്തിൽ 33 ചതുരശ്ര കിലോമീറ്ററിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ, 2022 ൽ നടത്തിയ പഠനത്തിൽ ഇതിന്റെ വ്യാപനം 123.86 ചതുരശ്ര കിലോമീറ്ററായി. 10 വർഷം കൊണ്ടാണ് 80 ശതമാനം വളർച്ച. വയനാട്ടിൽ അടുത്തിടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങി മനുഷ്യജീവന് തന്നെ ഭീഷണിയായതും ഇതോടൊപ്പം ചേർത്തുവായിക്കണം. അഞ്ചു വർഷത്തിനിടെ അഞ്ഞൂറിലധികം പേരാണ് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം കാടിറങ്ങി വന്ന വന്യമൃഗങ്ങൾ എടുത്തത് നാല് മനുഷ്യ ജീവനുകളാണ്.
ആനയും കടുവയും കരടിയും പുലിയും കാട്ടുപോത്തുമടക്കം വന്യജീവികള്‍ നഗരങ്ങളിലടക്കം ഇറങ്ങുന്നത് ആവര്‍ത്തിക്കുമ്പോഴും കാടിന്റെ ദുരവസ്ഥയില്‍ ആവാസ വ്യവസ്ഥ തകിടംമറിയുന്നതിനെതിരെ അധികൃതർക്ക് കാര്യമായ വ്യാകുലത കാണാനില്ല. കാട് കാടല്ലാതാകുന്നതാണ് നാട്ടിലിറങ്ങുന്ന വര്‍ധിച്ച വന്യമൃഗ സാനിധ്യത്തിനു മുഖ്യകാരണമെന്നു പരിസ്ഥിതിരംഗത്തേതടക്കം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഭരണകൂടം പലപ്പോഴും പരിഹാര നടപടികളില്‍നിന്നു വഴുതിമാറുകയാണ്.
വനത്തിന്റെ നൈസര്‍ഗിക സവിശേഷതള്‍ തിരിച്ചുപിടിക്കുന്നതിനും വന്യജീവികളെ വനത്തില്‍ത്തന്നെ നിര്‍ത്തുന്നതിനും ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ അലംഭവമാണ് കാണിക്കുന്നത്.
വനത്തിന്റെ വീണ്ടെടുപ്പിനു വനം-വന്യജീവി വകുപ്പ് സമര്‍പ്പിച്ച നയരേഖ സര്‍ക്കാര്‍ അംഗീകരിച്ച് നടപടികൾക്ക് ഉത്തരവായെങ്കിലും ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കുന്നതിനുള്ള നീക്കങ്ങളടക്കം മന്ദഗതിയിലാണ്. ജൈവ വൈവിധ്യത്തിന് ഭീഷണിയായ വിദേശ സസ്യങ്ങൾ, ആവാസ വ്യവസ്ഥയ്ക്കു യോജ്യമല്ലാത്ത മറ്റു സസ്യങ്ങള്‍ എന്നിവയെ വനമേഖലയില്‍നിന്നു ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ ഉൾകൊള്ളുന്ന നയരേഖ നടപ്പാകുകുയും ഏകവിളത്തോട്ടങ്ങളും സ്വർണക്കൊന്ന ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങളും വനത്തില്‍നിന്നു ഒഴിവാക്കകുയും ചെയ്താൽ ജില്ലയിലെ പരിസ്ഥിതി തകര്‍ച്ചയ്ക്ക് അൽപമെങ്കിലും ആശ്വാസമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൃഷിയെയും ബാധിക്കുന്നു
ലാന്റനാ കാൻബറാ എന്ന അധിനിവേശ സസ്യമായ വള്ളിച്ചെടി കർണാടകയിലെ ഒരു വിഭാഗം കർഷകർക്കുണ്ടാക്കുന്ന ദുരന്തത്തെ കുറിച്ച് മുതിർന്ന ഗവേഷകയായ അൻകില ഹയർമത്ത് വിവരിക്കുന്നുണ്ട്. തെക്കേ അമേരിക്കയാണ് ഈ ചെടിയുടെ സ്വദേശം. ഒരു വിഭാഗം ആദിവാസികളുടെ പ്രധാന വരുമാനമായ നെല്ലികൃഷിയെ ലാന്റനാ കാൻബറാ എന്ന വള്ളിച്ചെടി സാരമായി ബാധിക്കുകയും നെല്ലിക്കയുടെ ഉൽപാദനത്തിൽ വലിയ കുറവും വരുത്തുകയും ചെയ്തിരിക്കുന്നു.
ഈ പ്രദേശത്തെ പുല്ലുകൾ നശിച്ചു പോകുന്നതിനും അതുവഴി ആനകളുടയും മറ്റും ആക്രമണം വർധിക്കുന്നതിനും ഈ ചെടികൾ കാരണമായി. കേരളത്തിൽ ഏറ്റവുമധികം വ്യാപിച്ച അധിനിവേശ സസ്യങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. പലതരത്തിലുള്ള കുളവാഴകൾ, ധൃതരാഷ്ട്ര പച്ച പോലുള്ള പടർന്ന് കയറുന്ന വള്ളിച്ചെടികൾ എല്ലാം കേരളത്തിൽ കർഷകർക്ക് വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്വാഭാവികമായി കേരളത്തിൽ കാണപ്പെട്ട പല സസ്യങ്ങളുടെയും വളർച്ച വലിയ തോതിൽ മുരടിക്കുന്നതിന് ഇവ കാരണമാകുന്നു. 82 ഇനം അധിനിവേശ സസ്യങ്ങളാണ് കേരളത്തിൽ കണ്ടെത്തിയത്. ഇതിൽ 30 ഇനങ്ങൾ തദ്ദേശ വനസസ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നതായാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.