വന്യമൃഗങ്ങൾ കാടിറങ്ങുന്നു; ഭീതിയൊഴിയാതെ പൊഴുതന
text_fieldsപൊഴുതന: വന്യജീവികൾ വ്യാപകമായി ജനവാസ മേഖലയിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കൃഷി നശിപ്പിക്കുന്നതിന് പുറമെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും വർധിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പൊഴുതന പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. ഒരു വർഷത്തിനിടെ പത്തോളം വളർത്തു മൃഗങ്ങളെയാണ് പുലി പിടിച്ചത്. സമാനമായ കാൽപാടുകൾ കണ്ടിട്ടും കൂടുവെച്ചു പിടിക്കാനുള്ള തുടർ നടപടികൾ വനംവകുപ്പ് കൈക്കൊള്ളുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
സ്വകാര്യ എസ്റ്റേറ്റ് മേഖലയിലാണ് പശു, പോത്ത്, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നത്. കല്ലൂർ പ്ലാന്റേഷനിൽ ഏക്കർ കണക്കിന് തേയില തോട്ടം കാടുകയറിയ നിലയിലാണ്. വന്യമൃഗങ്ങള്‍ കാടിറങ്ങി വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന സുഗന്ധഗിരി, മേൽമുറി, കറുവാൻതോട്, സേട്ട്കുന്ന് പ്രദേശത്തെ കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്.
പന്നി, കുരങ്ങ്, കാട്ടാനകള്‍ എന്നിവയുടെ ആക്രമണമാണ് ഏറെയും കൃഷി നശിക്കാന്‍ കാരണമാകുന്നത്. കാട്ടാനകളും പന്നികളും കാടിറങ്ങി കപ്പ, തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്.
കുരങ്ങുകളാകട്ടെ ഇളനീരുകളാണ് കൂടുതലായി നശിപ്പിക്കുന്നത്. മൂപ്പെത്താത്ത ഇളനീരുകള്‍ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ തെങ്ങില്‍ നിന്ന് പറിച്ചിട്ട് നശിപ്പിക്കുന്നു. താരതമ്യേന തേങ്ങകള്‍ക്ക് നല്ല വില ലഭിക്കുന്ന ഇക്കാലത്ത് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.