ജില്ലയിൽ കാട്ടുപന്നി ആക്രമണങ്ങൾ വർധിക്കുന്നു
text_fieldsകല്പറ്റ: കാട്ടുപന്നി ഭീഷണിയില്‍ ജില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. പട്ടാപ്പകല്‍പോലും ഭയപ്പാടോടെ പുറത്തിറങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. പുൽപള്ളി, മേപ്പാടി, കാട്ടിക്കുളം, സുൽത്താൻ ബത്തേരി ഭാഗങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നി കുറുകെ ചാടി വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
ഞായറാഴ്ച കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓടപ്പള്ളം സ്വദേശികളായ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരങ്ങളോടു ചേര്‍ന്ന് വരെ കാട്ടുപന്നി ശല്യം അതി രൂക്ഷമായിട്ടും വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഗ്രാമങ്ങളില്‍ രാത്രിയില്‍ കൂട്ടമായും അല്ലാതെയുമെത്തുന്ന കാട്ടുപന്നികള്‍ ജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയര്‍ത്തുന്നു.
ചേന, ചേമ്പ്, വാഴ, കപ്പ, കാച്ചില്, നെല്‍കൃഷി തുടങ്ങിയ വിളകളെല്ലാം നശിപ്പിക്കുകയാണ്. ഒരു ഏക്കര്‍ കൃഷി നശിപ്പിക്കാന്‍ പന്നികള്‍ക്ക് ഒരു രാത്രിപോലും വേണ്ട. കാട്ടുപന്നി ശല്യം കാരണം മനം മടുത്ത് കൃഷി ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്. കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചാല്‍ കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. നേരത്തേ പുലര്‍ച്ചയും രാത്രിയിലും നടക്കുന്നവരാണ് കാട്ടുപന്നിയെ ഭയപ്പെട്ടതെങ്കില് ഇപ്പോള്‍ പകലും ഭീഷണിയാണ്. റോഡിനു കുറുകെ അതിവേഗത്തില്‍ ചാടിക്കടക്കുന്ന കാട്ടിപന്നികള് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് വലിയ അപകട ഭീഷണിയാകുന്നത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓടപ്പള്ളം സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38), ഓലിക്കൽ ധനൂപ് (32)എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വീട്ടിൽനിന്ന് ചായക്കടയിലേക്ക് പോകുമ്പോൾ റോഡിലൂടെ എത്തിയ പന്നി ആക്രമിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.