ഭീഷണിയായി കാട്ടുപന്നിക്കൂട്ടം; ജനം ദുരിതത്തിൽ
text_fieldsകഴിഞ്ഞദിവസം വെങ്ങപ്പള്ളി ടൗണിന് സമീപം എത്തിയ കാട്ടുപന്നിക്കൂട്ടം
പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ ജനവാസ മേഖലകളിലും ടൗണിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. ഒരാഴ്ചക്കിടെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് കാട്ടുപന്നിയുടെ മുന്നിൽ അകപ്പെട്ടത്. വെങ്ങപ്പള്ളി ടൗണിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന് തൈകളും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. പുഴുമുടി, വെങ്ങപ്പള്ളി വില്ലേജ് ജങ്ഷൻ, ടൗൺ, അനോത്ത് റൂട്ട് എന്നി മേഖലകളിലാണ് പന്നി ശല്യം രൂക്ഷമായത്. കാർഷിക വിളകൾക്ക് സമീപം താമസിക്കുന്നവരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. മണ്ണിലേക്ക് എന്തു നട്ടുവച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കും.
പകൽ സമയങ്ങളിൽ കാട് പിടിച്ച കിടക്കുന്ന പ്രദേശങ്ങളിൽ കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും. ഇതുകാരണം രാത്രി അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം സർക്കാർ വകുപ്പുകൾക്കു പരാതി നൽകിയിട്ടും പരിഹാരമില്ല. പന്നിശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടി വനംവകുപ്പ് കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.