കാട്ടാനയുടെ ആക്രമണം സർക്കാറുകൾ അടിയന്തര ഇടപെടൽ നടത്തണം -രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മരണത്തിനു കീഴടങ്ങിയ മാനന്തവാടി പയ്യമ്പള്ളി സ്വദേശി പനച്ചിയിൽ അജീഷിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എം.പി. വന്യമൃഗങ്ങളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവന മാർഗത്തിനും വലിയ നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ ഇത്തരം ആക്രമണങ്ങൾ ഇല്ലാതാക്കാൻ ഇടപെടണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്.
വിഷയത്തിന് പരിഹാരം കാണുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി കൈക്കൊള്ളണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അജീഷിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും എം.പി പ്രസ്താവനയിൽ പറഞ്ഞു.
സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര കൃത്യവിലോപം-ചെന്നിത്തല
കൽപറ്റ: മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊന്ന സംഭവത്തിൽ സർക്കാറിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇതു മൂന്നാം തവണയാണ് വന്യജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവമുണ്ടാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് സർക്കാറും വനം വകുപ്പും ഉണരുന്നത്. ഇതുകാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ല ഭരണകൂടവും സർക്കാറും പൂർണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം ഇത്രത്തോളം വ്യാപകമാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പുമന്ത്രി പ്രത്യക്ഷപ്പെടുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷ്ടപ്പെടാൻ കാരണം. അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കണം-ടി. സിദ്ദീഖ്
കൽപറ്റ: വയനാട്ടിലെ സാമൂഹിക ജീവിതത്തെ വന്യമൃഗശല്യം തകർത്തിരിക്കുകയാണെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. കാടും നാടും തമ്മിൽ വേർതിരിക്കാൻ നടപടി വേണം. ട്രഞ്ചിങ്, കന്മതിലുകൾ, ഫെൻസിങ്ങുകൾ എന്നിവ നിർമിച്ച് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ നടപടിയുണ്ടാകണം.
റേഡിയോ കോളറിട്ട ആനയെ ട്രാക്ക് ചെയ്യാൻ കഴിയാത്തത് വനം വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. ഒന്നാം പ്രതി വനംവകുപ്പും മന്ത്രിയുമാണ്. അതിഗൗരവമുള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അടിയന്തര നടപടികളുണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വനംവകുപ്പിന്റേത് ഗുരുതര കൃത്യവിലോപം -സംസ്കാര സാഹിതി
കൽപറ്റ: കാട്ടാന വനത്തിൽനിന്ന് പുറത്തുകടന്ന് 12 മണിക്കൂറിലധികം പിന്നിട്ടിട്ടും ആനയെ പിടികൂടാനോ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനോ തയാറാകാതെ ആനക്ക് പിറകെ കാഴ്ചക്കാരായി നടന്ന വനംവകുപ്പ് ജീവനക്കാരുടെ നടപടി ഗുരുതര കൃത്യവിലോപമാണെന്ന് കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകാൻ വനംവകുപ്പ് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.
അധികാരികൾ അന്ധരായിരിക്കരുത്-ബിഷപ് ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്
മാനന്തവാടി: ഞങ്ങളും മനുഷ്യരാണ് ജീവിക്കാൻ അനുവദിക്കില്ലേ? കാട്ടിൽ കയറിയിട്ടല്ല, നാട്ടിലും വീട്ടിലും കയറിവന്നാണ് കാട്ടുമൃഗങ്ങൾ മനുഷ്യരെ കൊല്ലുന്നത്. മനഃസാക്ഷിയുള്ള ആർക്കെങ്കിലും ഇനിയും മൗനമായിരിക്കാൻ സാധിക്കുമോയെന്നും അധികാരികൾ ഇനിയും അന്ധരായിരിക്കരുതെന്നും മലബാർ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് പറഞ്ഞു. സമാധാനമായി ജീവിക്കാനും അധ്വാനിക്കാനുമുള്ള അവകാശം പോലും ഇല്ലെങ്കിൽപിന്നെ ഈ നാട് എന്തിനാണ്? നിശ്ശബ്ദരായിരുന്നാൽ ഇനി നമുക്ക് ജീവിക്കാനാവില്ല. ജീവന്റെ നിലനിൽപിനുവേണ്ടി നമുക്ക് സംസാരിച്ചേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂട വീഴ്ച -ബി.ജെ.പി
കൽപറ്റ: ആക്രമിയായ ആന പ്രദേശത്തുണ്ടെന്ന് വളരെ നേരത്തേ തന്നെ കൃത്യമായി മനസ്സിലാക്കിയിട്ടും ഭരണകൂടം നിസ്സംഗത പാലിച്ചതാണ് കർഷകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കോളർ ഐ.ഡി ഘടിപ്പിച്ച ആനയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് പറയുന്ന വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്. കാട്ടുമൃഗങ്ങൾ നിരന്തരം നാട്ടിലിറങ്ങുന്നതും ആക്രമണം നടത്തുന്നതും തുടർക്കഥയായിട്ടും ശാശ്വത പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ തയാറാവുന്നില്ല. ജില്ല പ്രസിഡന്റ് കെ.പി. മധു അധ്യക്ഷത വഹിച്ചു.
ആനയെ വെടിവെച്ചുകൊല്ലണം-ജുനൈദ് കൈപ്പാണി
മാനന്തവാടി: അക്രമകാരിയായ ആനയെ വെടിവെച്ചുകൊല്ലണമെന്ന് ജനതാദൾ -എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു. ദിവസങ്ങളോളമായി പയ്യമ്പള്ളി മേഖലയില്‍ തുടരുന്ന റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ തുരത്തുന്നതിനോ പിടികൂടാനോ കഴിയാതിരുന്ന വനംവകുപ്പ് ജീവനക്കാരുടെ ജാഗ്രതക്കുറവ് പ്രതിഷേധാർഹമാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും കർണാടക വനംവകുപ്പ് അവർ പിടികൂടി വിട്ടയച്ച ആനയെ ട്രാക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ നൽകാത്ത നിലപാട് തിരുത്തണമെന്നും ജുനൈദ് പറഞ്ഞു.
വനം മന്ത്രി രാജിവെക്കണം-മുസ്ലിം ലീഗ്
കല്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായ വന്യമൃഗശല്യം മനുഷ്യജീവനെടുക്കുംവരെ എത്തിച്ചതിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാറും വനംവകുപ്പ് അധികൃതരുമാണെന്നും വനം മന്ത്രി രാജിവെക്കണമെന്നും മുസ്ലിം ലീഗ് ആരോപിച്ചു. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ കർണാടകയില്‍നിന്ന് പിടികൂടുന്ന ആനകളെയും കടുവകളെയും വയനാട് വനാതിർത്തിയില്‍ കൊണ്ടുവിടുന്ന കർണാടക വനംവകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അനുദിനം വർധിച്ചുവരുന്ന വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
നരഹത്യക്ക് കേസെടുക്കണം -യൂത്ത് ലീഗ്
കൽപറ്റ: തുടർച്ചയായി വന്യജീവി ആക്രമണംകൊണ്ട് പൊറുതിമുട്ടുന്ന വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എം.പി. നവാസ്, ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലും മാനന്തവാടി ടൗണിൽ ആന ഇറങ്ങിയിട്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയുള്ള ഒരു മുൻകരുതലും വനംവകുപ്പ് മേധാവികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവന് ഒരു വിലയും കൽപിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വനം മന്ത്രി രാജിവെക്കണമെന്നും യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഉത്തരവാദി വനംവകുപ്പ്-സി.പി.ഐ -എം.എൽ റെഡ്സ്റ്റാർ
കൽപറ്റ: ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ഉടൻ സാമ്പത്തിക സഹായം എത്തിക്കണമെന്നും ആനത്താരകൾ ആനകൾക്കുള്ള ഭക്ഷണവും വെള്ളവുംകൊണ്ട് സമൃദ്ധമാക്കണമെന്നും സി.പി.ഐ -എം.എൽ റെഡ്സ്റ്റാർ ജില്ല കമ്മിറ്റി. കുന്നുകൾ തുരന്നും കാടുകൾ വനം-റിസോർട്ട് മാഫിയകളുടെ കൊടിയ ചൂഷണത്തിന് ഒത്താശ ചെയ്തുകൊടുത്തും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷതവഹിച്ചു.
ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം -ഇ.ജെ. ബാബു
കല്പറ്റ: വനത്തിൽനിന്ന് പുറത്തിറങ്ങി ഉപദ്രവമുണ്ടാക്കുന്ന വന്യമൃഗങ്ങളെ കാട്ടിൽ തുറന്നുവിടുന്നത് അശാസ്ത്രീയ നടപടിയാണെന്നും നാട്ടിലിറങ്ങി അക്രമം കാണിക്കുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നും ഇതിലൂടെ മാത്രമേ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്നും സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. അക്രമകാരികളായ വന്യമൃഗങ്ങളെ വീണ്ടും കാട്ടില്‍ തുറന്നുവിടുന്ന നടപടിയാണ് ഒരാൾ കൂടി കൊല്ലപ്പെടാനിടയാക്കിയത്. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കൽപറ്റ: കേരള യൂത്ത് ഫ്രണ്ട് -എം കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. അജീഷിന്റെ കുടുംബം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ടോം ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെൽസൺ മാത്യു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.