മരകാവിൽ കാട്ടാന വിളയാട്ടം
text_fieldsപുൽപള്ളി: മരകാവിൽ കാട്ടാനകൾ നിരന്തരം കൃഷി നാശമുണ്ടാക്കുന്നതിൽ പൊറുതിമുട്ടി കർഷകർ. പുൽപള്ളിക്കടുത്ത വേലിയമ്പം, മരകാവ്, മൂഴിമല, കൊളറാട്ടുകുന്ന് പ്രദേശങ്ങളിൽ വ്യാപക കൃഷി നാശമാണ് കാട്ടാനകള്‍ വരുത്തുന്നത്. ബുധനാഴ്ച രാത്രി മരകാവ് പുത്തൻകുടിയിൽ സണ്ണിയുടെ പറമ്പിൽ കയറിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കായ് ഫലമുളള തെങ്ങുകൾ മറിച്ചിട്ട് നശിപ്പിച്ചു.
വാഴ, കാപ്പിച്ചെടി, കുരുമുളക് എന്നിവ ചവിട്ടിയും ഒടിച്ചും നശിപ്പിച്ചു. കഴിഞ്ഞവർഷവും ആന സ്ഥലത്തെത്തി വലിയ നാശം വരുത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കാട്ടാന കൃഷി നശിപ്പിച്ചു. ദിവസങ്ങളായി മരകാവ് ഭാഗത്ത് കാട്ടാന വ്യാപക നാശമാണ് ഉണ്ടാക്കുന്നത്. പുറ്റനാൽ ഷാജു, ചാലക്കുടി വിൽസൺ എന്നിവരുടെ ഇഞ്ചികൃഷി, ചാലക്കുടി ജോർജ്, കാട്ടിയിൽ വക്കച്ചൻ, ജയിൻ ചിമ്മിനിക്കാട്ട്, ജോയി ചിമ്മിനികാട്ട് , ജയചന്ദ്രൻ വെങ്ങിണിശ്ശേരി, ഗംഗൻ കൊട്ടമുരട്ട് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും നാശം വരുത്തി.
കാട്ടാനകളെ തടയാൻ ഒരുസംവിധാനവും ഇവിടെ നിലവിലില്ല. ഉണ്ടായിരുന്ന വേലി പുതിയത് നിർമിക്കുന്നതിനായി നീക്കം ചെയ്തു. ട്രഞ്ചുകള്‍ പൂർണമായി തകർന്നു കിടക്കുകയാണ്. ഇതുകാരണം നാട്ടിലേക്ക് ആനകൾക്ക് യഥേഷ്ടം കടന്നുവരാൻ വഴിയൊരുങ്ങുകയാണ്. രാത്രി കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകള്‍ നേരം പുലർന്നാണ് തിരിച്ചു പോകുന്നത്. വേലിയമ്പം മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാനകൾ ഒരുമിച്ചാണ് എത്തിയത്. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നുമില്ല.
കൃഷിയിടങ്ങളിൽ മേഞ്ഞ് കാട്ടാനക്കൂട്ടം
പുൽപള്ളി: മൂഴിമല പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കനത്ത നാശം വിതക്കുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്തെ കൃഷിയിടങ്ങളിൽ ആനകൾ സ്ഥിരമായി എത്തുന്നുണ്ട്. കണ്ണിൽ കാണുന്നതെല്ലാം ചവിട്ടി നശിപ്പിക്കുകയാണ്. റബർ മരങ്ങൾ പോലും ആനകൾ ഓടിച്ചു നശിപ്പിക്കുന്നു. ആന എത്തിയ ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയാൽ ആനകൾ ചിന്നം വിളിച്ച് ഓടിയെത്തും. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതായതോടെ ആനകൾക്ക് നിർബാധം കൃഷിയിടങ്ങളിൽ എത്താം. ആനകൾക്കൊപ്പം നൂറുകണക്കിന് കാട്ടുപന്നികളും കൃഷിയിടങ്ങളിൽ എത്തുന്നു.
ആനകൾ ഒടിച്ചിടുന്ന വാഴ, തേങ്ങ, ചക്ക എന്നിവ പന്നികൾ ഭക്ഷണമാക്കുന്നു. വ്യാഴാഴ്ച രാത്രിയിൽ മൂഴിമലയിൽ എത്തിയ ആനക്കൂട്ടം ബാബു കോതാട്ടുകാലായിൽ, പള്ളോട്ടൈൻ സഭ എന്നിവരുടെ മതിലുകൾ തകർത്തു. പ്രദേശത്തെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചു.
കഴിഞ്ഞവർഷം കൃഷിയിടത്തിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടയിൽ ആക്രമണത്തിൽനിന്ന് ബാബു എന്നയാൾ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പകൽ കൃഷിയിടത്തിലെത്തിയ കാട്ടുപന്നി ഇറുമുക്കി ഉന്നതിയിലെ കാളനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അധികൃതരുടെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.