കാട്ടാന കൊലപ്പെടുത്തിയയാളുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു
text_fieldsഗൂഡല്ലൂർ: കാട്ടാന കൊലപ്പെടുത്തിയ ശ്രീനാഥന്റ മൃതദേഹവുമായി ബന്ധുക്കളടക്കം വെള്ളിയാഴ്ച പഴയ ബസ്റ്റാൻഡ് ജങ്ഷനിൽ ദേശീയപാത ഉപരോധിച്ചു. ഇനിയൊരു മനുഷ്യജീവൻ കൊല്ലപ്പെടാൻ അനുവദിക്കില്ല, ആനയെ പിടികൂടണം, പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നിവ ആവശ്യപ്പെട്ടു.
വനംമന്ത്രി, കലക്ടർ എന്നിവർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ഉന്നയിച്ചു. വൈകിട്ട് നാലേമുക്കാലോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു. ജില്ല പൊലീസ് മേധാവി ആഷിഷ് റാവത്ത്, ആർ.ഡി.ഒ ശരവണ കണ്ണൻ, മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്, എന്നിവരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.
നേരത്തേ ഒരു യുവതിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ അധികൃതർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ല. രണ്ടുപേരെ കൊലപ്പെടുത്തിയ ആനയെ പിടികിട്ടിയിട്ടുമില്ല. അതിനാലാണ് പ്രതിഷേധം ശക്തമായത്. ആനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്ന് മൃതദേഹവുമായി വരുമ്പോഴാണ് ഓവാലി ഉപരോധത്തിന് മുതിർന്നത്.
രാത്രി ഏഴയോടെ കലക്ടർ എസ്.പി. അംറിത്ത് എത്തി ചർച്ച നടത്തി. ഉപരോധം മൂലം ഊട്ടി കേരളം അടക്കമുള്ള അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ജയശീലൻ എം.എൽ.എ. മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ശ്രീനാഥിന്റെ മകൾക്ക് സർക്കാർ ജോലി - കലക്ടർ
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീനാഥിന്റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് കലക്ടർ എസ്.പി അംറിത്ത് ഉറപ്പുനൽകി. മൃതദേഹവുമായി ഉപരോധം നടത്തിയവരുമായുള്ള ചർച്ചയിലാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്. ആനയെ പിടികൂടാൻ പൂണൈയിൽ നിന്ന് പ്രത്യേക സംഘത്തെ എത്തിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആനശല്യം കുറക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കും.
കാട്ടാനകളെ നിരീക്ഷിക്കാനായി വനപാലകരുടെ പ്രത്യേക സംഘങ്ങളെ ശക്തിപ്പെടുത്തും തുടങ്ങിയ ഉറപ്പുകളും നൽകി. ഇതോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.