'ഇവൻ അരിയും സാധനങ്ങളും സാപ്പിടാൻ പെര തകർക്കുന്നു' -ഓടകൊല്ലിയിൽ കാട്ടാന വീടുകൾ തകർക്കുന്നത് തുടരുന്നു
text_fieldsഗൂഡല്ലൂർ: 'ഇവന് ഇപ്പോ കാട്ടിലെ സാധനങ്ങളൊന്നും വേണ്ട, പെരേലെ അരിയും സാധനങ്ങളും സാപ്പിടാൻ നമ്മളെ പെര തകർക്കലാണ്' -കാട്ടാന തകർത്ത് തരിപ്പണമാക്കിയ വീടിനുമുന്നിൽനിന്ന് ഇത് പറയുേമ്പാൾ മുകുന്ദന്‍റെ സ്വരമിടറി. ശ്രീ മധുര ഗ്രാമപഞ്ചായത്തിലെ ഓടകൊല്ലിയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ആകെയുള്ള ആസ്ബസ്റ്റോസ് മേഞ്ഞ വീടാണ് വിനായക എന്ന ഒറ്റയാൻ ഇന്ന് പുലർച്ചെ തകർത്തത്. അയൽവാസിയായ മേരിയുടെ വീടും തകർത്തിട്ടുണ്ട്.
വീടുകളിലെ അരിയും പഞ്ചസാരയും പരിപ്പ്, പയർ തുടങ്ങിയ സാധനങ്ങളും തിന്ന് ഹരംപിടിച്ച കാട്ടാനകൾ വനവിഭവങ്ങളേക്കാൾ ഇവയാണ് ഇഷ്ടപ്പെടുന്നതെന്ന് മുകുന്ദൻ പറയുന്നു.
കഴിഞ്ഞദിവസങ്ങളിൽ ആദിവാസി കുടുംബമായ വെള്ളച്ചി ഉൾപ്പെടെയുള്ളവരുടെ വീടുകൾ വിനായക തകർത്തിരുന്നു. ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് വീടുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്.
ഇത് കണ്ടില്ലെന്ന് നടിച്ചാൽ ആളപായമടക്കമുള്ള ദുരന്തത്തിന് തന്നെ കാരണമാകും. പാതിരാത്രിയിലാണ് ആനകൾ എത്തുന്നത്. ചുമരുകൾ ചവിട്ടിപ്പൊളിക്കുേമ്പാൾ കിടന്നുറങ്ങുന്നവരുടെ ദേഹത്തേക്കാണ് ഇത് വീഴുന്നതെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കാണണമെന്നും ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.