പി.എം രണ്ട് ഇണങ്ങി; ഇനി കാട്ടിലേക്ക് തിരിച്ചുവിടുമോ?
text_fieldsസുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ പന്തല്ലൂർ മേഖലയിൽനിന്ന് സുൽത്താൻ ബത്തേരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരസിരാജ എന്ന പി.എം രണ്ട് മോഴയാന മുത്തങ്ങയിലെ ആനപ്പന്തിയിലെ പരിശീലനത്തിൽ പാപ്പാന്മാരുമായി ഇണങ്ങി. അടുത്ത ഒരുമാസംകൊണ്ട് ആനയെ കൂട്ടിൽനിന്ന് പുറത്തിറക്കാനാവുമെന്നാണ് വനം വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ആനയെ കാട്ടിൽ തുറന്നുവിടാനുള്ള ആലോചന വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ജനുവരി ഒമ്പതിനാണ് പി.എം രണ്ട് അരസിരാജയെ കുപ്പാടി വനത്തിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന രണ്ട് ആളുകളെ കൊന്നിരുന്നു. നിരവധി വീടുകൾ തകർത്തു. തമിഴ്നാട് വനംവകുപ്പ് ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടു.
പിന്നീട് കിലോമീറ്ററുകൾ താണ്ടി സുൽത്താൻ ബത്തേരിയിലെത്തി. നഗരത്തിൽ ഒരാളെ ആക്രമിച്ച ആന കുപ്പാടി വനത്തിൽ കയറി. തുടർന്നാണ് വനംവകുപ്പ് സാഹസികമായി ആനയെ പിടികൂടുന്നത്. മുത്തങ്ങയിലെ രണ്ടര മാസത്തെ പരിശീലനംകൊണ്ട് ആന 70 ശതമാനം ഇണങ്ങി. ബാല, മണികണ്ഠൻ എന്നിങ്ങനെ തമിഴ്നാട്ടുകാരായ രണ്ട് പാപ്പാന്മാരാണ് പരിശീലകർ.
തുടക്കത്തിൽ വലിയ കുറുമ്പ് കാണിച്ചിരുന്ന അരസിരാജ എന്ന രാജ ഇപ്പോൾ ശാന്തനായി പാപ്പാന്മാർ പറയുന്നത് അനുസരിക്കുകയാണ്. കുളിപ്പിക്കുമ്പോൾ കിടന്നു കൊടുക്കും. പച്ചരി ചോറ്, മുത്താറി, മുതിര, ഗോതമ്പ്, ചെറുപയർ എന്നിങ്ങനെ ആനപ്പന്തിയിലെ മറ്റ് ആനകൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളൊക്കെ രാജക്കും കിട്ടുന്നുണ്ട്.
പരിശീലനത്തിൽ ഇണങ്ങിയ ആനയെ വനത്തിൽ വിട്ടാൽ മനുഷ്യരെ കണ്ടാൽ അടുത്തുവരാനുള്ള സാധ്യത കൂടുമെന്നാണ് ചില വനംവകുപ്പ് ജീവനക്കാർ പറയുന്നത്.
വീണ്ടും നാട്ടിലിറങ്ങി നാശനഷ്ടങ്ങൾ വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.