ഒഴിയാത്ത കാട്ടാനപ്പേടി; പൊഴുതന പഞ്ചായത്തിൻറെ ഉറക്കം കെടുത്തി കാട്ടാനകൂട്ടം
text_fieldsകുറിച്ച്യാർമല എസ്റ്റേറ്റിൽ എത്തിയ കാട്ടാനക്കൂട്ടം
പൊഴുതന: പൊഴുതന പഞ്ചായത്തിലെ തോട്ടം മേഖലകളിൽ ഭീതിപരത്തി വീണ്ടും കാട്ടാനകള്‍. ജനവാസകേന്ദ്രവും തോട്ടം മേഖലയുമായ കുറിച്ച്യാർമല ഭാഗത്താണ് പത്തോളം കാട്ടാനകള്‍ വിഹരിച്ചത്. ടീ ഫാക്ടറിക്കും ബംഗ്ലാവിനും ഇടയിലുള്ള സ്ഥലത്താണ് ആനകൾ എത്തിയത്. തേയില നുള്ളാൻ എത്തിയ തോട്ടം തൊഴിലാളികൾ ആനകൂട്ടത്തെ കണ്ട് ഭീതിയിലായി. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്.
ജീവനും കൃഷിക്കും ഭീഷണിയുയര്‍ത്തി പൊഴുതന പഞ്ചായത്തിൽ മാസങ്ങളായി കാട്ടാനകളുടെ വിഹാരമാണ്. നിരവധി കാർഷിക വിളകൾ ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒറ്റായാൻ എസ്റ്റേറ്റ് തൊഴിലാളിയുടെ വാഹനം തകർത്തിരുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ സുഗന്ധഗിരി ഭാഗത്തുനിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന ആനകൾ കറുവാൻത്തോട്, വേങ്ങത്തോട്, അമ്മാറ ഭാഗത്ത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നേരം ഇരുട്ടിയാൽ വനമേഖലയിൽനിന്ന് ഇറങ്ങിവരുന്ന ആനക്കൂട്ടം കൃഷിയിടങ്ങളിലും ജനവാസ മേഖലകളിൽനിന്നും പുലർച്ചയോടെയാണ് മടങ്ങുക. സീസണിൽ ചക്ക, മാങ്ങ എന്നീ കാർഷിക വിളകകൾ തേടിയാണ് ആനക്കൂട്ടം ജനവാസ മേഖലയിലെത്തുന്നത്. ജീവനും സ്വത്തിനും ഭീഷണയായി മാറിയ ആനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ആധുനിക സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.