കാട്ടാനക്കൂട്ടം നെൽകൃഷി നശിപ്പിച്ചു
text_fieldsനടവയൽ: നീർവാരം മേഖലയിൽ കൊയ്ത്തിന് പാകമായ വയലിലെ നെല്ല് കാട്ടാനക്കൂട്ടം നശിപ്പിച്ചു. മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കറോളം വയലിലെ കൃഷിയാണ് നശിപ്പിച്ചത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ് ഇരുട്ടിൽ തപ്പുമ്പോഴും കർഷകർക്ക് ജീവിതമാർഗം അടയുകയാണ്. ആനശല്യത്തിൽനിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് കർഷകരുടെ ആവശ്യം. വനാതിർത്തി പ്രദേശങ്ങളിലും വനപാതയിലും കാട്ടാനശല്യം അതിരൂക്ഷമാണ്. കൃഷിയിടത്തിലെത്തുന്ന കാട്ടാന നെല്ല്, തെങ്ങ്, കമുക്, കാപ്പി വാഴ മുതലായവ വ്യാപകമായി നശിപ്പിക്കുകയാണ്. സന്ധ്യയോടെ ഇറങ്ങുന്ന കാട്ടാന നേരം പുലർന്നാലും മടങ്ങാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൾ രാമചന്ദ്രന്റെ വയലിന് ചുറ്റും സ്ഥാപിച്ച വൈദ്യുതിവേലി തകർത്താണ് വയലിൽ ഇറങ്ങിയത്.
പാതിരി സൗത്ത് സെക്ഷനിൽപെട്ട പ്രദേശങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം ഏറെയും. ദാസനക്കര, നീർവാരം, മുക്രമൂല, അമ്മാനി, മണൽവയൽ പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യം മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടാനശല്യം പരിഹരിക്കുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സിസിയിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങാതെ കടുവ
വാകേരി: സിസിയിൽ വനംവകുപ്പിന്റെ കൂട്ടിൽ വീഴാതെ കടുവ. സിസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ എട്ടുമാസം പ്രായമുള്ള വെച്ചൂർ പശുക്കിടാവിനെയാണ് ശനിയാഴ്ച രാത്രി കടുവ കൊന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സുരേന്ദ്രൻ തൊഴുത്തിനു പുറത്ത് പശു നിൽക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അകത്ത് കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ പരിസരത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. എന്നാൽ, കൂട് വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.
പിന്നീട് സ്ഥലത്തെത്തിയ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഉടൻ തന്നെ കൂട് വെക്കാൻ തീരുമാനിച്ചു. ഞായറാഴ്ച വനംവകുപ്പ് പ്രദേശത്ത് പത്ത് കാമറകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഞായറാഴ്ച രാത്രിയും സുരേന്ദ്രന്റെ തൊഴുത്തിൽ കടുവയെത്തി. കടുവയുടെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയും ചെയ്തു. ഇതോടെ തിങ്കളാഴ്ച വനംവകുപ്പ് കൂട് വെച്ചു. തൊഴുത്തിന് സമീപമാണ് കൂട് വെച്ചിട്ടുള്ളത്. സ്ഥലത്ത് വനപാലകർ ക്യാമ്പ് ചെയ്യുകയും രാത്രി പട്രോളിങ് ശക്തമാക്കുകയും ചെയ്തു. യുവാവിനെ കടുവ കൊന്ന് പാതി തിന്ന കൂടല്ലൂരിൽനിന്ന് അഞ്ചു കി.മീ. ദൂരത്താണ് വീണ്ടും കടുവ പശുക്കിടാവിനെ കൊന്നുതിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.