കര്‍ഷകരെ തെരുവിലിറക്കാന്‍ അനുവദിക്കില്ല -അഡ്വ. ടി. സിദ്ദീഖ്
text_fieldsകൽപറ്റ: ജപ്തിനടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ജില്ലയില്‍ തുടക്കമായി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കൽപറ്റ കനറാ ബാങ്കിനു മുന്നില്‍ നടത്തിയ ഉപവാസസമരം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് മൂന്നിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 35 ബാങ്കുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കമിടും. മാര്‍ച്ച് 10ന് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അമ്പതിനായിരം കത്തുകള്‍ അയക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം കൽപറ്റ പോസ്റ്റ് ഓഫിസിന് മുന്നില്‍ നടക്കും. മാര്‍ച്ച് 14ന് ജില്ലയിലെ മുഴുവന്‍ പോസ്റ്റ് ഓഫിസുകളില്‍നിന്നും കത്തുകളയക്കും. തുടര്‍ന്ന് മണ്ഡലം തലത്തില്‍ ജപ്തി പ്രതിരോധ സേനകള്‍ രൂപവത്കരിച്ച് പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കും.
വയനാട് ജില്ലയിലെ കര്‍ഷകരെ തെരുവിലിട്ട് അമ്മാനമാടാമെന്ന് പിണറായി വിജയനല്ല, ആയിരം പിണറായി വിജയന്മാര് ശ്രമിച്ചാലും അനുവദിക്കില്ലെന്ന് ടി. സിദ്ദീഖ് പറഞ്ഞു.
2018, 19 വര്‍ഷങ്ങളിലെ പ്രളയം, കോവിഡ്, ലോക്ഡൗണ്‍, വിലത്തകര്‍ച്ച എന്നിങ്ങനെ വലിയ പ്രതിസന്ധിയാണ് കര്‍ഷകരടക്കമുള്ളവര്‍ നേരിട്ടത്. അതിജീവനത്തിനായി പോരാടുമ്പോള്‍ ആത്മവിശ്വാസം നല്കേണ്ടതിനു പകരം അവരെ തെരുവിലേക്ക് തള്ളാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവിടെ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ജപ്തിയും കുടിയൊഴിപ്പക്കല്‍ യജ്ഞവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് സര്‍ഫാസി നിയമം പ്രയോഗിച്ചിരിക്കുന്നത്.
മൂന്ന് അടവ് മുടങ്ങിയാല്‍ സര്‍ഫാസി നിയമം പ്രയോഗിക്കുകയാണ്. ഈ നിയമപ്രകാരം കാര്‍ഷികഭൂമി പിടിച്ചെടുക്കാനാകാത്തതിനാൽ കര്‍ഷകന്റെ വീടും സ്ഥലവുമാണ് ജപ്തി ചെയ്യുന്നത്. ആയിരക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ ഇത് കൈയുംകെട്ടി നോക്കിനില്ക്കുന്നു.
നിതി ആയോഗിന്റെ കണക്കുകള്‍പ്രകാരം 1.33 ലക്ഷം കോടി രൂപ മുടക്കി കെ-റെയില്‍ ഉണ്ടാക്കുന്നതിനു പകരം 100 മുതല്‍ 500 കോടി വരെയുണ്ടെങ്കില്‍ കര്‍ഷകരുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. അതിന് നേതൃത്വം നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല.
കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയോ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി, അഡ്വ. എന്‍.കെ. വര്‍ഗീസ്, അഡ്വ. ടി.ജെ. ഐസക്, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കര് ഹാജി, ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, മംഗലശ്ശരി മാധവന് മാസ്റ്റര്‍, എന്‍.എം. വിജയന്, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, എം.ജി. ബിജു, കെ.ഇ. വിനയന്, ബിനു തോമസ്, നിസി അഹമ്മദ്, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, എന്‍.സി. കൃഷ്ണകുമാര്‍, ജി. വിജയമ്മ, പി. ശോഭനകുമാരി, പി.കെ. അബ്ദുറഹ്മാന്, എടക്കല്‍ മോഹനന്, പി.വി. ജോര്‍ജ്, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, നാരായണ വാര്യര്‍, അമല്‍ ജോയ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.