ഇളകുമോ യു.ഡി.എഫ് കോട്ട?
text_fieldsകണിയാമ്പറ്റ: ജില്ലയിൽ യു.ഡി.എഫിെൻറ കോട്ടകളില്‍ ഒന്നാണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. 1962ൽ രൂപവത്കരിച്ച പഞ്ചായത്തിൽ എട്ടു വർഷങ്ങൾ മാത്രമാണ് എൽ.ഡി.എഫിന് പഞ്ചായത്ത് ഭരിക്കാനായത്. 1986ൽ നറുക്കെടുപ്പിലൂടെയും 2005ൽ ഡി.ഐ.സി സഖ്യത്തിലൂടെയും. കോൺഗ്രസിനും മുസ്ലിം ലീഗിനും ശക്തമായ വേരോട്ടമുള്ള മണ്ണാണ്. കഴിഞ്ഞവർഷം ആകെയുള്ള 18 സീറ്റുകളിൽ 13 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
എൽ.ഡി.എഫിന് അഞ്ചു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മുന്നണി ധാരണപ്രകാരം ആദ്യത്തെ മൂന്നു വർഷം പ്രസിഡൻറ് സ്ഥാനം ലീഗിനായിരുന്നു. തുടർന്നുള്ള രണ്ടു വർഷം കോൺഗ്രസിന് അധ്യക്ഷ സ്ഥാനം കൈമാറിയെങ്കിലും ഭിന്നതയും രൂക്ഷമായി. കോൺഗ്രസ് പ്രസിഡൻറ് പി.ജെ. രാജേന്ദ്രപ്രസാദിനെതിരെ മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി.
കോൺഗ്രസിലെ പി.ജെ. രാജേന്ദ്രപ്രസാദും ബിനു ജേക്കബും പ്രസിഡൻറ് സ്ഥാനം പങ്കിടാനാണ് തങ്ങളുടെ നേതൃത്വത്തിൽ ധാരണയുണ്ടാക്കിയതെന്നാണ് ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, ലീഗ് പറയുന്നതുപോലെ ഒരു ധാരണയും ഇല്ലെന്നായിരുന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്. ഒടുവിൽ അവിശ്വാസ പ്രമേയ ചർച്ചകൾക്ക് മിനിറ്റുകൾക്ക് മുമ്പാണ് രാജേന്ദ്രപ്രസാദ് രാജിവെക്കുന്നതും ബിനു ജേക്കബ് പ്രസിഡൻറാകുന്നതും.
ഇത്തവണയും കോട്ട കാക്കാനാകുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ് നേതാക്കൾ. എന്നാൽ, യു.ഡി.എഫിലെ പടലപിണക്കങ്ങൾ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുമെന്നാണ് എൽ.ഡി.എഫിെൻറ അവകാശവാദം. ഇത്തവണ അധ്യക്ഷ സ്ഥാനം പട്ടിക വര്‍ഗ വനിത സംവരണമാണ്. അഞ്ചുവർഷം മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും ഭരണതുടർച്ചയുണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ് പറഞ്ഞു. വരദൂർ പി.എച്ച്.സിയിൽ ഒ.പി വൈകീട്ടു വരെ ദീർഘിപ്പിച്ചു. നിർധനരായ രോഗികൾക്ക് പ്രതിമാസം 600 രൂപയുടെ ഭക്ഷ്യ കിറ്റ് നൽകുന്നു.
ഈ ഭരണസമിതി 23 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രം ചെലവഴിച്ചത്. ഇതിൽ 3.5 കോടിയും റോഡ് പ്രവൃത്തികൾക്കായിരുന്നു. പഞ്ചായത്തിലെ 90 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി. കമ്പളക്കാട്, കരണി, മില്ലുമുക്ക് സ്റ്റേഡിയങ്ങൾ നവീകരിച്ചു.
എല്ലാ മേഖലയിലും നന്നായി ഇടപെട്ട യു.ഡി.എഫിന് ജനം ഭരണ തുടർച്ച നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് ഭരണം തീർത്തും പരാജയമായിരുന്നെന്നും പഞ്ചായത്തിെൻറ അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഹരിക്കാനായിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു. അഴിമതി നിറഞ്ഞ ഭരണമായിരുന്നു. ജനം ഇത്തവണ എൽ.ഡി.എഫിന് അനുകൂലമായി ചിന്തിക്കുമെന്നും എൽ.ഡി.എഫ് പറയുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.