പശ്ചാത്തലം അന്വേഷിച്ച് മനസ്സിലാക്കി മാത്രം വിവാഹം നടത്താന്‍ രക്ഷിതാക്കൾ ശ്രദ്ധിക്കണം –വനിത കമീഷന്
text_fieldsകൽപറ്റ: മാട്രിമോണിയൽ പരസ്യങ്ങളെ മാത്രം ആശ്രയിക്കാതെ വിശദമായി അന്വേഷിച്ച് പശ്ചാത്തലം മനസ്സിലാക്കിയതിനുശേഷം മാത്രം വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. പരസ്യങ്ങളെ മാത്രം ആശ്രയിച്ച്, കുടുംബപശ്ചാത്തലം കൃത്യമായി മനസ്സിലാക്കാതെ വിവാഹം നടത്തുന്നത് മൂലമുണ്ടാകുന്ന കുടുംബപ്രശ്നങ്ങള്‍ പരാതികളായി കമീഷനില്‍ എത്തുന്നുണ്ട്. ഇത്തരം വിവാഹങ്ങളിലൂടെ സ്ത്രീകള്‍ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ്. വയനാട് ജില്ലയില്‍ ഇത്തരത്തിലൊരു പരാതി ബുധനാഴ്ചയിലെ സിറ്റിങ്ങില്‍ പരിഗണിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രതസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടെ കമീഷന് മുമ്പാകെ എത്തുന്ന പ്രശ്നങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍തന്നെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ജാഗ്രതസമിതികള്‍ ഇടപെട്ട് തീര്‍പ്പാക്കാവുന്ന പ്രശ്നങ്ങളാണ് നിലവില്‍ കമീഷനു മുമ്പാകെ എത്തുന്നതില്‍ അധികവും. മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ മൂലമുണ്ടാകുന്ന കുടുംബപ്രശ്നങ്ങള്‍, അയല്‍വാസികളുമായുള്ള തര്‍ക്കങ്ങള്‍, അതിര്‍ത്തിതര്‍ക്കം തുടങ്ങിയവ വാര്‍ഡ് തലത്തില്‍തന്നെ ജാഗ്രതസമിതികളുടെ ഇടപെടലോടെ തീര്‍പ്പാക്കാന്‍ കഴിയും. ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മൂന്നു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ജില്ലതലത്തില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു.
കുടുംബപ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനായി വിവാഹത്തിനുമുമ്പ് സ്ത്രീക്കും പുരുഷനും കൗണ്‍സലിങ് നല്‍കുന്നതിനും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും സര്‍ക്കാറിനോട് കമീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു കൗണ്‍സലിങ് സെൻറര്‍ ഇതിനായി തുടങ്ങണം. നിലവില്‍ വനിത കമീഷന് മുഖേനയും വനിത പൊലീസ് സെല്‍ മുഖേനയും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കിവരുന്നുണ്ട്.
കൗമാരക്കാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ബോധവത്കരണം നല്‍കുന്നതിനായി വിദ്യാലയങ്ങളിലും കാമ്പസുകളിലും നടപ്പാക്കുന്ന കലാലയ ജ്യോതി വീണ്ടും ആരംഭിച്ചിട്ടുണ്ട്.
അധ്യക്ഷയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങിൽ കമീഷന് അംഗം അഡ്വ. എം.എസ്. താര, അഡീഷനല്‍ എസ്.പി ജി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു. സിറ്റിങ്ങില്‍ 76 പരാതികള്‍ പരിഗണിച്ചു. 28 എണ്ണം തീര്‍പ്പാക്കി. 41 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവെച്ചു. ഏഴു പരാതികളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.