കായികാധ്യാപകരുടെ ജോലിഭാരം കുറച്ച് പ്രഫഷനൽ പരിശീലനത്തിന് മുൻതൂക്കം നൽകണം - ഒ.പി. ജെയ്ഷ
text_fieldsമുണ്ടേരി: കായികാധ്യാപകരുടെ ജോലിഭാരം കുറച്ച് പ്രഫഷനൽ പരിശീലനത്തിന് മുൻതൂക്കം നൽകാൻ ജില്ലക്ക് കഴിയണമെന്ന് ഒളിമ്പ്യൻ താരം ഒ.പി. ജെയ്ഷ. വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ജെയ്ഷ ഉദ്ഘാടനത്തിന് ശേഷം ജില്ലയുടെ കായിക മേഖലയെ കുറിച്ച് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
നല്ല കഴിവുള്ള കുട്ടികളും നല്ല പരിശീലകരും ജില്ലയിൽ ഉണ്ടെങ്കിലും കായികാധ്യാപകരുടെ ജോലിഭാരം കാരണം പ്രത്യേക പരിശീലനം നൽകാൻ കഴിയുന്നില്ലെന്നാണ് മനസ്സിലാകുന്നത്. മറ്റു ജില്ലകളിൽ വിദ്യാലയങ്ങളും ജില്ലയും കേന്ദ്രീകരിച്ച് പ്രഫഷനൽ പരിശീലനത്തിലൂടെ കുട്ടികളെ വളർത്തിയെടുക്കുമ്പോൾ ഇവിടെ കായികാധ്യാപകർ എല്ലാ ജോലികളും ചെയ്ത് തളരുകയാണ്.
സംസ്ഥാനതല മത്സരത്തിന് പ്രത്യേക പരിശീലനം നേടി എത്തുന്ന മറ്റു ജില്ലയിലെ കുട്ടികൾക്കിടയിൽ വയനാട് പിന്തള്ളപ്പെടുന്നതും അതുകൊണ്ടാണ്. പ്രത്ര്യേക പരിശീലനം നിരന്തരമായി കുട്ടികൾക്ക് ലഭിക്കുന്ന അവസ്ഥയുണ്ടാവണം. കൂടുതൽ സിന്തറ്റിക് ട്രാക്കുകൾ ഒരുക്കി ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ നൽകി നല്ല പരിശീലനം കൊടുക്കാൻ കഴിഞ്ഞാൽ ദേശീയതലത്തിൽ മെഡലുകൾ നേടാൻ വയനാടിന് കഴിയുമെന്നും ജയ്ഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.