സൈക്കിളിൽ രാജ്യംചുറ്റാൻ ഒരുങ്ങി യുവാക്കൾ; ലക്ഷ്യം അഞ്ച് വീട് നിർമാണം
text_fields
കൽപറ്റ: സൈക്കിളിൽ രാജ്യം മുഴുവനും കറങ്ങി ജനങ്ങളിൽനിന്ന് സംഭാവന ശേഖരിച്ച് അഞ്ചു വീടുകൾ നിർമിച്ചുനൽകുകയെന്ന ലക്ഷ്യവുമായി രണ്ടു യുവാക്കൾ ഇന്ന് ജില്ലയിൽനിന്ന് യാത്രതിരിക്കുന്നു. അമ്പലവയൽ സ്വദേശികളായ കെ.ജി. നിജിൻ, ടി.ആർ. റെനീഷ് എന്നിവരാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന സൈക്കിൾ യാത്രക്കായി തയാറെടുക്കുന്നത്. അഞ്ചു കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ചുനൽകുകയും രോഗികൾക്ക് സഹായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
നിജിൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്കൂളിൽ കായിക അധ്യാപകനാണ്. അമ്പലവയലിലെ മൊബൈൽ ഷോപ് ജീവനക്കാരനാണ് റെനീഷ്. യാത്രചെയ്യുന്ന സ്ഥലങ്ങളിൽ കണ്ടുമുട്ടുന്നവരിൽനിന്നും ഓരോ രൂപയെങ്കിലും ശേഖരിച്ചാണ് നിർമാണത്തിനുള്ള തുക കണ്ടെത്താൻ ഇവർ ശ്രമിക്കുക. യാത്രക്കായി പ്രത്യേകം സജ്ജീകരിക്കുന്ന സൈക്കിളിൽ ചെറിയ പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ സംഭാവനകൾ നിക്ഷേപിക്കാം.
വീടുകൾക്കുള്ള സ്ഥലത്തിന് അഡ്വാൻസ് തുക സ്ഥലമുടമക്ക് നൽകിയിട്ടുണ്ട്. ഇവർ തിരിച്ചുവരുന്നതിന് മുമ്പായി മറ്റ് അനുബന്ധ ജോലികൾ തീർക്കുന്നതിനായി സുഹൃത്തുക്കളുടെ കൂട്ടായ്മ കൂടെയുണ്ട്. യാത്ര ചെയ്യുന്നതിനുള്ള സൈക്കിളുകൾ അമ്പലവയലിലെ വ്യാപാരി സൈഫുദ്ദീൻ ആണ് നൽകിയത്. യാത്രയിൽ താമസിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷൻ ടെൻറും അനുബന്ധ സാധനങ്ങളും വാങ്ങിച്ചുനൽകി. സാങ്കേതിക സഹായങ്ങൾ ജില്ല സൈക്ലിങ് അസോസിയേഷനും നൽകും.
വെള്ളിയാഴ്ച 10 മണിക്ക് സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സലീം കടവൻ, സൈക്ലിങ് അസോസിയേഷൻ ജില്ല സെക്രട്ടറി സുബൈർ ഇളകുളം എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.