ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: പ്രതി പാർട്ടി വിരുദ്ധനെന്ന് ഇ.പി.ജയരാജൻ
text_fieldsകണ്ണൂർ: സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോ വയലിൽ പി.വി.സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. ക്രിമിനൽ വാസനയുണ്ടെന്ന് മനസിലാക്കിയപ്പോൾ പ്രതിയായ അഭിലാഷിനെ ആറ് വർഷം മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാൾ ദുബൈയിൽ പോയെന്നാണ് അറിവ്.
ആറ് മാസം മുമ്പാണ് ഇയാൾ തിരിച്ചെത്തിയത്. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം പാർട്ടി വിരുദ്ധ നിലപാടാണ് ഇയാൾ സ്വീകരിക്കുന്നത്. കൊലപാതകത്തിന് കാരണം പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. കൊലപാതകം ആസൂത്രിതമാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പുളിയോറ വയലിൽ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു വെട്ടേറ്റത്.
സത്യനാഥിനെ പ്രതിയായ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽകാലിക ഡ്രൈവറുമായിരുന്നു അഭിലാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.