പരസ്യ-ബാനർ-ഹോർഡിങ്ങുകൾക്ക് കർശന നിബന്ധനകളുമായി തദ്ദേശ വകുപ്പ്
text_fieldsതൃശൂർ: പരസ്യ-പ്രചാരണ ബോർഡുകളും ബാനറുകളും ഹോർഡിങ്ങുകളും സ്ഥാപിക്കാൻ സർക്കാർ കർശന നിബന്ധനകൾ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മാർഗരേഖ പുറത്തിറക്കി.
ഇനി പരസ്യബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അനുമതി വേണം. പരസ്യ പ്രചാരണവസ്തുക്കൾ സ്ഥാപിച്ചതുമൂലം അപകടങ്ങളുണ്ടായാൽ പൂർണ ഉത്തരവാദിത്തവും നഷ്ടപരിഹാര ബാധ്യതയും ഏറ്റെടുക്കാമെന്ന് കാട്ടി 200 രൂപ മുദ്രപ്പത്രത്തിലെ സത്യപ്രസ്താവനയും നൽകണം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ ശേഷമേ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകൂ. ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര് തുടങ്ങിയ വ്യവസ്ഥ പാലിക്കാതെ പ്രിന്റ് ചെയ്ത ബോർഡുകൾക്ക് പിഴ ഈടാക്കും. അനുമതി നമ്പർ പതിക്കാത്ത മുഴുവൻ ബോർഡുകളും മാറ്റും. നിയമവിരുദ്ധ കാര്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ തദ്ദേശ സ്ഥാപനങ്ങളിലും ജില്ല ശുചിത്വമിഷനുകളിലും പരാതി സെൽ രൂപവത്കരിക്കും.
സർക്കാർ നിർദേശിച്ച കോട്ടൺ, പോളിഎഥിലീൻ എന്നിവ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖാന്തരം സാമ്പിളുകൾ സമർപ്പിക്കണം. കേന്ദ്ര ഗവ. സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ പരിശോധന നടത്തി ‘100 ശതമാനം കോട്ടൺ’ എന്ന് സാക്ഷ്യപ്പെടുത്തണം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സി.ഐ.പി.ഇ.ടി) പി.വി.സി ഫ്രീ, റീസൈക്ലബിൾ പോളിഎഥിലീൻ എന്ന് സാക്ഷ്യപ്പെടുത്തിയവ മാത്രമേ വിൽക്കാൻ പാടുള്ളൂ. പ്രചാരണ ബാനറുകളും ബോർഡുകളും പരിപാടി കഴിഞ്ഞ് അടുത്ത ദിവസംതന്നെ നീക്കണം. അല്ലാത്തപക്ഷം സ്ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ പിഴയും കൂടാതെ നീക്കം ചെയ്യാനുള്ള തുകയും ചുമത്തി അതത് തദ്ദേശ സ്ഥാപനങ്ങൾ നീക്കണം.
സംസ്ഥാനത്തെ മുഴുവൻ പരസ്യ പ്രിന്റിങ് സ്ഥാപനങ്ങളും ‘ഉപയോഗിച്ച ശേഷം പോളിഎഥിലീൻ ബാനറുകൾ റീസൈക്ലിങ്ങിന് ഈ സ്ഥാപനത്തിൽ തിരിച്ചേൽപിക്കണം’ എന്നും ‘പരസ്യ-പ്രചാരണ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്’ എന്നും പരസ്യപ്പെടുത്തണം. പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല. പരാതികളുണ്ടെങ്കിൽ സി.ഐ.പി.ഇ.ടി, ടെക്സ്റ്റൈൽ കമ്മിറ്റി മുഖേന സാമ്പിൾ പരിശോധിക്കാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിന് വേണ്ടിവരുന്ന ചെലവ് പരാതിക്കാരൻ വഹിക്കണം. പരാതി ശരിയാണെങ്കിൽ ഈടാക്കിയ തുക പ്രിന്റിങ് യൂനിറ്റിൽനിന്ന് ഈടാക്കി പരാതിക്കാരന് നൽകണം. പ്രചാരണ ബോർഡുകളിൽ കൃത്രിമം കണ്ടെത്തിയാൽ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ/ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കാം. എല്ലാ മാസവും പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ ജില്ല ജോയന്റ് ഡയറക്ടർക്ക് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.