അപ്പീൽ പ്രളയം
text_fieldsകോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലിൽ സമർപ്പിക്കുന്ന ഹരജികളിൽ തീരുമാനമാകാൻ വർഷങ്ങളെടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രൈബ്യൂണലുകൾ ആരംഭിക്കാൻ സർക്കാർ ആലോചന. 2004ലാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി ട്രൈബ്യൂണൽ നിലവിൽ വന്നത്. 2015 വരെ ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹരജികളിൽ തീരുമാനമായെങ്കിലും 2016 മുതൽ ഈ വർഷം ജനുവരി വരെ 2829 ഹരജികൾ തീർപ്പാകാതെ കിടക്കുന്നതായാണ് കണക്ക്.
ഓരോ വർഷവും സമർപ്പിക്കപ്പെടുന്ന അപ്പീൽ, റിവിഷൻ പെറ്റീഷൻ, റഫറൻസ് എന്നിവയുടെ എണ്ണവും വർധിക്കുകയാണ്. ഹരജിക്കാർക്ക് അഭിഭാഷകരെ ഒഴിവാക്കി കേസ് നടത്താമെന്ന് നിർദേശമുണ്ടെങ്കിലും ട്രൈബ്യൂണലിൽ അത് സാധിക്കുന്നില്ലെന്ന് ഹരജിക്കാർതന്നെ പരാതിപ്പെടുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അഭിഭാഷകരെ നിയോഗിച്ച് വളരെ നാളുകൾ കേസ് നടത്തേണ്ട സാഹചര്യമാണെന്നും അവർ പറയുന്നു.
മതിയായ സൗകര്യങ്ങളും ജീവനക്കാരുടെ ദൗർലഭ്യവും കേസുകളുടെ ആധിക്യവുമാണ് ഹരജികൾ തീർപ്പാകുന്നതിനുള്ള കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ട്രൈബ്യൂണലിന്‍റെ വിധി വരാനുള്ള കാലതാമസം കാരണം നിയമസങ്കീർണതകളില്ലാത്ത വിഷയങ്ങളിലെ അപ്പീലുകളും മറ്റും പരിഗണിക്കുന്ന ചുമതല തദ്ദേശവകുപ്പ് ജില്ല ജോയന്‍റ് ഡയറക്ടർമാർക്ക് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് പരിഗണിക്കുന്നില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.