തദ്ദേശവാർഡ് വിഭജനം: കരട് റിപ്പോർട്ട് നവംബർ 16ന്
text_fieldsതിരുവനന്തപുരം:നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ കലക്ടർമാർ അറിയിച്ചു.
പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദേശങ്ങൾ കലക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്.
കലക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കും.
നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024 ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകൾ പുനർവിഭജിക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, 87 മുനിസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടന്നു വരുന്നത്.
വാർഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജനസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും.
ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കമീഷൻ അംഗം കൂടിയായ ഐ.ടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ. യു. ഖേൽക്കർ, കമീഷൻ സെക്രട്ടറി എസ്. ജോസ്‌നമോൾ, ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.