വാർഡ് പുനർവിഭജനം: ഓർഡിനൻസ് പിൻവലിച്ചു; പകരം ബില്ല്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപന വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് പിൻവലിച്ച് നിയമസഭയിൽ ബില്ല് കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജൂൺ 10 മുതൽ ജൂലൈ 25 വരെ നിയമസഭ സമ്മേളനം ചേരാൻ ഗവർണറോട് ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
വാർഡ് പുനർവിഭജനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കരട് ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിക്കായി ഗവർണർ തിരിച്ചയച്ച സാഹചര്യത്തിലാണ് ബില്ല് കൊണ്ടുവരാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിക്കുശേഷം ഓർഡിനൻസ് സമർപ്പിക്കാനായിരുന്നു ഗവർണറുടെ നിർദേശം. ഓർഡിനൻസ് കമീഷന് കൈമാറിയിരുന്നെങ്കിലും അനുമതി വൈകിയതോടെയാണ് പിൻവലിച്ച് ബില്ലായി കൊണ്ടുവരൻ തീരുമാനിച്ചത്. ഓർഡിനൻസിലുള്ള അതേ വ്യവസ്ഥകളോടെയാകും ബില്ല് കൊണ്ടുവരിക.
തദ്ദേശ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് ഒരു വാർഡെങ്കിലും വർധിക്കുന്ന രീതിയിലുള്ള പുനർവിഭജനമാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അധ്യക്ഷനായി ഡീ ലിമിറ്റേഷൻ കമീഷൻ രൂപവത്കരിക്കും. കമീഷന്‍റെ നേതൃത്വത്തിലായിരിക്കും പുനർവിഭജന നടപടികൾ പൂർത്തിയാക്കുക.
നിയമസഭ സമ്മേളനം 28 ദിവസം നീളുന്ന സമ്പൂർണ ബജറ്റ് സമ്മേളനമായിരിക്കും. ലോകകേരള സഭ നടക്കുന്നതിനാൽ ജൂൺ 12ന് പിരിയുന്ന സഭ ബലിപെരുന്നാൾ അവധിക്കുശേഷം 19നാകും പുനരാരംഭിക്കുക. ജൂലൈയിൽ മുഹറം അവധി ദിനത്തിലും സഭ ചേരില്ല. തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിന് പകരം കൊണ്ടുവരുന്ന ബില്ല് ഉൾപ്പെടെയുള്ളവ സഭ സമ്മേളനത്തിന്‍റെ ആദ്യത്തിൽ വന്നേക്കും. സ്വകാര്യ സർവകലാശാല ബില്ല്, റവന്യൂ റിക്കവറി ആക്ട് ഭേദഗതി ബില്ല്, ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് ഭേദഗതി ബില്ല് തുടങ്ങിയവയും അവതരിപ്പിക്കും. ബജറ്റ് സമ്പൂർണമായി പാസാക്കുന്നതിന്‍റെ ഭാഗമായി വകുപ്പുതിരിച്ചുള്ള ചർച്ച, ധനകാര്യ ബില്ല്, ധനവിനിയോഗ ബില്ല് എന്നിവ പാസാക്കലും സഭാസമ്മേളനത്തിൽ നടക്കും. കേരളത്തിൽനിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും സഭാസമ്മേളന കാലയളവിൽ നടക്കും. ഇതിലേക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിജ്ഞാപനം അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
ജൂലൈ ഒന്നിനാണ് മൂന്നംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭ കാലാവധിയാണ് പൂർത്തിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.