തദ്ദേശ വാർഡ് പുനർവിഭജനം: ആദ്യഘട്ട കരട് നവംബർ 16ന്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമീഷൻ നവംബർ 16ന് പ്രസിദ്ധീകരിക്കും. അന്നുമുതൽ ഡിസംബർ ഒന്നുവരെ കരട് റിപ്പോർട്ടിൻമേലുള്ള പരാതികളും ആക്ഷേപങ്ങളും നൽകാം.
ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ല കലക്ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. വാർഡ് പുനർവിഭജനം സംബന്ധിച്ച മാർഗനിർദേശങ്ങളും ഡീലിമിറ്റേഷൻ കമീഷൻ പുറപ്പെടുവിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനം നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളിലും പുനർവിഭജനം നടത്തും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയാറാക്കി ഡീലിമിറ്റേഷൻ കമീഷന് നൽകാനുള്ള ചുമതല ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർക്കാണ്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതിപ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാർഡുകളുണ്ടാകും. ജില്ല പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17ഉം 33ഉം ആണ്. മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26ഉം കൂടിയത് 53ഉം വാർഡുണ്ടാകും. കോർപറേഷനുകളിൽ ഇത് യഥാക്രമം 56 ഉം 101 ഉം ആണ്. സർക്കാർ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23,612 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.