തെരഞ്ഞെടുപ്പ് ചട്ടലംഘനമാകും, തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസ് ഗവർണർ മടക്കി
text_fieldsതിരുവനന്തപുരം: സർക്കാറിനെതിരെ വീണ്ടും ഉടക്കി ഗവർണർ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിപ്പോൾ മടക്കിയയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നാണ് ഗവർണർ പറയുന്നത്. ഈ സാഹചര്യത്തിൽ അനുമതി നൽകണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള കരട് ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനമായിരിക്കും നടക്കുക. ഇതുവഴി ചുരുങ്ങിയത് 1200 വാർഡുകളെങ്കിലും വർധിക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന ഇലക്ഷൻ കമീഷണർ എ. ഷാജഹാൻ അധ്യക്ഷനായ അഞ്ചംഗ കമീഷൻ (ഡീലിമിറ്റേഷൻ കമീഷൻ) രൂപവത്കരിക്കും. ചെയർമാന് പുറമെ, സർക്കാർ നിർദേശിക്കുന്ന നാല് ഗവ. സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഇതിൽ തദ്ദേശവകുപ്പ്, റവന്യൂ വകുപ്പ് സെക്രട്ടിമാർ ഉൾപ്പെടെ അംഗങ്ങളായേക്കും.
വിഭജന നടപടികൾക്ക് ഡീലിമിറ്റേഷൻ കമീഷൻ മാർഗരേഖ തയാറാക്കും. മാർഗരേഖ പ്രകാരം നിലവിലുള്ള വാർഡുകൾ ജനസംഖ്യ, സ്വഭാവിക അതിരുകൾ തുടങ്ങിയവയുടെ പരിഗണനയിൽ വിഭജിച്ച് രൂപരേഖ തയാറാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകും. ഇതുപ്രകാരം പുതിയ വാർഡുകളുടെ മാപ്പ് തയാറാക്കും. ഇത് കരടായി കമീഷൻ പ്രസിദ്ധീകരിക്കുകയും ചെയ്യും. കരടിൽ പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളും പരാതികളും ക്ഷണിക്കും. പരാതികളിൽ ആവശ്യമെങ്കിൽ ഡീലിമിറ്റേഷൻ കമീഷൻ ജില്ല ആസ്ഥാനങ്ങളിൽ സിറ്റിങ് നടത്തി പട്ടിക അന്തിമമാക്കും. ഇതു വിജ്ഞാപനം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക തയാറാക്കും.
ഇതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ. 21,900 വാർഡുകളാണ് നിലവിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി ഉള്ളത്. കൊച്ചി, കോഴിക്കോട് മുനിസിപ്പൽ കോർപറേഷനുകളിൽ ഒന്നിൽ അധികം വാർഡുകൾ വർധിക്കാനാണ് സാധ്യത. വാർഡ് വിഭജന നടപടികൾ പൂർത്തിയാക്കാൻ ആറ് മാസമെടുക്കും.
ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ ആയിരിക്കും വിഭജനം നടത്തുക. വിഭജനത്തിനു ശേഷം രൂപപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും േബ്ലാക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകൾ രൂപവത്കരിക്കുക.
ചുരുങ്ങിയത് 14 വാർഡുകൾ
നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 13ഉം പരമാവധി 23ഉം വാർഡുകളുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലേതിന് സമാനമാണ് ചുരുങ്ങിയ ഡിവിഷനും പരമാവധി ഡിവിഷനും. ജില്ല പഞ്ചായത്തുകളിൽ ചുരുങ്ങിയത് 16ഉം പരമാവധി 32ഉം ഡിവിഷനുകളാണ്. മുനിസിപ്പാലിറ്റികളിൽ 25 മുതൽ 52 വരെയും മുനിസിപ്പൽ കോർപറേഷനുകളിൽ 55 മുതൽ 100 വരെ വാർഡുകളുമാണുള്ളത്. ഇവയിലെല്ലാം ചുരുങ്ങിയത് ഒരു വാർഡുകൾ വീതം വർധിക്കുന്ന രീതിയിലായിരിക്കും വിഭജനം.
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങിയാൽ ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിനു ശേഷമായിരിക്കും വിഭജന നടപടികൾ ആരംഭിക്കുക. വിഭജന നടപടികൾക്കു ശേഷം പുതിയ വാർഡുകളിലെ പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടർപട്ടിക തയാറായിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് കമീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഇതിനകം വാർഡ് വിഭജനം പൂർത്തിയായിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.