കെ-റെയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; നടപടികള്‍ പൂര്‍ത്തിയാക്കാതെ മടങ്ങി
text_fieldsഅങ്കമാലി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് പാറക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് മടങ്ങി.
പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് ജില്ല അതിര്‍ത്തി പ്രദേശത്ത് ആദ്യമായെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. അതീവ രഹസ്യമായി ഉദ്യോഗസ്ഥർ വരുമെന്നറിഞ്ഞ് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാർ കാത്തിരുന്നെങ്കിലും എത്തിയിരുന്നില്ല. എന്നാൽ, ആകാശ സർവേയിലൂടെ കണ്ടെത്തിയ പദ്ധതി പ്രദേശം മാർക്ക് ചെയ്ത് കല്ലിടാൻ ലക്ഷ്യമിട്ട് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും വനിതയുമടക്കം മൂന്നുപേരാണ് ബുധനാഴ്ച രാവിലെ 9.30ഓടെ 18ാം വാര്‍ഡിലെ എളവൂര്‍ താഴെ പള്ളി പരിസരത്തെത്തിയത്.
അഞ്ച് വര്‍ഷം മുമ്പ് പള്ളിക്ക് മുന്‍വശത്തായി സ്ഥാപിച്ച അതിര്‍ത്തിക്കല്ല് കണ്ടെത്താനുള്ള ശ്രമത്തിനിടെ സംഭവം അറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും തടിച്ചുകൂടി. പൊതുമരാമത്ത് റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തി കല്ല് സ്ഥാപിച്ചതെന്നാണ് അന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. അതിനുശേഷം രണ്ട് തവണ റോഡ് വീതികൂട്ടി ടാറിങ് പൂര്‍ത്തിയാക്കിയതോടെ അതിര്‍ത്തിക്കല്ല് മൂടിപ്പോയിരുന്നു. ഇപ്പോള്‍ വന്നതിന്റെ ഉദ്ദേശ്യം അന്വേഷിച്ച നാട്ടുകാര്‍ക്ക് മുന്നില്‍ മുടന്തന്‍ ന്യായം നിരത്തിയതോടെ തര്‍ക്കം രൂക്ഷമായി. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇവർ എത്തിയതെന്നും ബോധ്യമായി. അതോടെ കൂടുതല്‍ ആളുകള്‍ തടിച്ച്കൂടി.
ഒരു മണിക്കൂറോളം തര്‍ക്കം നടന്നശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്നുവെന്ന വ്യാജേന മടങ്ങിയെങ്കിലും ഒരു മണിക്കൂറിനകം യൂനിഫോമിലുള്ള കൂടുതല്‍ പൊലീസുമായി 16ാം വാര്‍ഡിലെ പുളിയനം തൃവേണി ഭാഗത്തെത്തി. അവിടെയും നാട്ടുകാര്‍ തടിച്ചുകൂടി. പൊലീസിന്റെ പിന്‍ബലത്തില്‍ ഉദ്യോഗസ്ഥര്‍ കയര്‍ത്തു സംസാരിച്ചെങ്കിലും നാട്ടുകാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. ഭൂമി അളക്കാനുള്ള നീക്കവും തടഞ്ഞു.
കെ-റെയില്‍ പദ്ധതി പ്രകാരം എളവൂര്‍ ഭാഗത്ത് 60ഓളം പേര് താമസിക്കുന്ന വൃദ്ധ സദനവും, കന്യാസ്ത്രീ മഠവും, സ്കൂളും അടങ്ങുന്ന വളപ്പിലൂടെ കടന്ന് വലിയ ജാതിക്ക ഗോഡൗണിന്റെ മധ്യഭാഗം കൂടിയാണ് ലൈന്‍ പോകുന്നത്. തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന എരയാംകുടി ഭാഗത്ത് 45ഓളം അന്തേവാസികള്‍ താമസിക്കുന്ന കേന്ദ്രത്തെയും ബാധിക്കും. 16, 18, നാല്, 17 വാര്‍ഡുകളെ ഭാഗികമായും ബാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
വാര്‍ഡംഗങ്ങളായ നിഥിന് ഷാജു, പൗലോസ് കല്ലറക്കല്‍, ജെസി ജോയി, എളവൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. ഡേവീസ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എ.ഒ. പൗലോസ്, ടോമി പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചെറുത്തു നില്‍പ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.