വില്ലേജ് ഓഫിസിൽ നാട്ടുകാർ കല്ല് നാട്ടി; കോട്ടയത്ത് സിൽവർ ലൈൻ സർവേ നടപടി നിർത്തിവെച്ചു
text_fieldsകോട്ടയം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കോട്ടയം നട്ടാശ്ശേരിയിൽ കെ-റെയിൽ സർവേ നടപടികൾ നിർത്തിവെച്ചു. പിഴുതെടുത്ത കല്ലുകൾ നാട്ടുകാർ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലേക്ക് കൊണ്ടുപോയി.
തുടർന്ന് ഇവ ഓഫിസ് മുറ്റത്ത് സ്‌ഥാപിച്ചു. ഓഫിസിന് മുമ്പിൽ വലിയ പൊലീസ് സന്നാഹമാണുള്ളത്.
കോട്ടയം നട്ടാശ്ശേരി കുഴിയാലിപ്പടിയിൽ സർവേക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കുഴിയാലിപ്പടിയിൽ ശനിയാഴ്ച രാവിലെ എട്ടിന് എത്തിയ സംഘം എട്ട് ഇടങ്ങളിൽ കല്ലിട്ടിരുന്നു. പൊലീസ് അകമ്പടിയോടെയാണ് സംഘമെത്തിയത്.
ഈ സമയം ഇവിടെ സമരക്കാർ ഇല്ലാതിരുന്നതിനാൽ പ്രതിരോധം ഉണ്ടായില്ല. എന്നാൽ, പിന്നീട് സംഘടിച്ചെത്തിയ സമരക്കാർ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലാതെ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാര്‍, കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണു സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയത്. കൗണ്‍സിലര്‍മാരും തഹസില്‍ദാരും തമ്മില്‍ വക്കേറ്റമുണ്ടായി.
പിന്നാലെ പിഴുതെടുത്ത ചില കല്ലുകളുമായി ഡി.ഡി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പരിസര വാസികള്‍ വാഹനത്തില്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലേക്കു തിരിച്ചു. കല്ല് വില്ലേജ് ഓഫിസിന് മുമ്പിൽ സ്ഥാപിച്ച ശേഷം നാട്ടുകാർ മുദ്രാവാക്യം വിളിച്ചു.
എറണാകുളം മാമലയിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സർവേ നിർത്തിവെച്ചു. മാമലയില്‍ ഉപഗ്രഹസര്‍വേ നടത്താനായിരുന്നു ശ്രമം. സര്‍വേസംഘം പൊലീസ് സംരക്ഷണത്തിലാണ് മാമലയില്‍ എത്തിയത്. സാറ്റലൈറ്റ് സര്‍വേ നടത്താനുള്ള നടപടികളാണു തുടങ്ങിയത്. പിറവത്ത് ആദ്യം സര്‍വേ നടത്തുമെന്നായിരുന്നു വിവരം. നാട്ടുകാർ സംഘടിച്ചതോടെ സർവേ നടപടി നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.