സ്ഥലം ലഭ്യമല്ല: കൂടുതൽ കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കുകൾ തൽക്കാലമില്ല
text_fieldsമലപ്പുറം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കുകൾ നടപ്പാക്കുന്നത് വൈകും. 2012ൽ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച സംവിധാനം തുടർന്ന് മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2017ൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. 2018ഓടെ രാജ്യത്തെ മുഴുവൻ ഡ്രൈവിങ് ലൈസൻസ് പരിശോധനകളും കമ്പ്യൂട്ടർവത്കരിക്കുമെന്ന് കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ടെസ്റ്റിങ് ട്രാക്ക് ആരംഭിക്കാനാവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് മറ്റിടങ്ങളിൽ വൈകാൻ കാരണമായി പറയുന്നത്.
നിലവിൽ കോഴിക്കോട്ടെ ചേവായൂർ, തിരുവനന്തപുരത്തെ പാറശാല, മുട്ടത്തറ, എറണാകുളത്തെ മൂവാറ്റുപുഴ, കോട്ടയത്തെ ഉഴവൂർ, കണ്ണൂരിലെ തോട്ടട എന്നിവിടങ്ങളിലാണ് കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കും (സി.ഡി.ടി.ടി) കമ്പ്യൂട്ടർവത്കൃത വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുമുള്ളത് (സി.വി.ടി.എസ്). കണ്ണൂർ തളിപ്പറമ്പിലും കാസർകോട് ബേളയിലും കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സ്ഥാപിച്ചിരുന്നെങ്കിലും കോവിഡ് കാലമായതിനാൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ സാധിച്ചില്ല.
ജർമനിയിൽനിന്നുള്ള സാങ്കേതികവിദഗ്ധരാണ് പരിശീലനം നൽകേണ്ടത്. രണ്ടിടത്തും പരിശീലനം നൽകാൻ ജർമനിയിൽനിന്നുള്ള വിദഗ്ധരുടെ സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പൂർത്തിയായ ശേഷം കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങും. കാസർകോട്ട് കൂടി തുടങ്ങുന്നതോടെ ആറ് ജില്ലകളിലാകും.
സി.ഡി.ടി.ടികൾ വരുന്നതോടെ പൂർണമായും കമ്പ്യൂട്ടറും കാമറകളും ചേർന്നാണ് ലൈസൻസിനുള്ള പരിശോധന നടത്തുക. ഇതിനായി പ്രത്യേക എച്ച്, എട്ട് ട്രാക്കുകൾ സജ്ജീകരിക്കും. ട്രാക്കിൽ വിവിധ ഇടങ്ങളിലായി കാമറയും സജ്ജീകരിക്കും. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനായാണ് നൂതന സംവിധാനമായ സി.വി.ടി.ടികൾ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.