പൊതുവാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കറും എമർജൻസി ബട്ടണും ജനുവരി ഒന്നു മുതൽ നിർബന്ധം
text_fieldsകൊച്ചി: സംസ്ഥാനത്തെ പൊതുവാഹനങ്ങളിൽ 2021 ജനുവരി ഒന്ന് മുതൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും നിർബന്ധമാക്കണമെന്ന് ഹൈകോടതി. ഇവ നിർബന്ധമാക്കിക്കൊണ്ടുള്ള കേരള മോട്ടോർ വാഹന ചട്ട ഭേദഗതി നടപ്പാക്കാൻ ഗതാഗത സെക്രട്ടറിക്കാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന വാഹനചട്ട ഭേദഗതിയും അനുബന്ധ ഉത്തരവുകളും കാലതാമസമില്ലാതെ നടപ്പാക്കാൻ സർക്കാറിനു ബാധ്യതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. റോഡ് ആക്സിഡൻറ് ഫോറം ഉപദേശക സമിതി അംഗം ജാഫർഖാൻ ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജികളാണ് കോടതി പരിഗണിച്ചത്.
വാഹനങ്ങൾ എവിടെയെത്തിയെന്ന് അധികൃതർക്ക് കണ്ടെത്താൻ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും (വി.എൽ.ടി.ഡി) അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾ നിർത്താൻ യാത്രക്കാർക്ക് ആവശ്യപ്പെടാൻ കഴിയുന്ന എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന ചട്ടത്തിലെ 151 എ യിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവ ഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ 2018ൽതന്നെ നിർദേശം നൽകിയിരുന്നെങ്കിലും 2018 ഡിസംബർ 31വരെ നടപ്പാക്കാൻ ഇളവു നൽകിയിരുന്നു. പിന്നീട് ഇവ ഘടിപ്പിക്കുന്നതിന് സമയം നീട്ടിനൽകാനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്ക് നൽകി. ഇതനുസരിച്ച് പൊതുവാഹനങ്ങളെ ആറായി തിരിച്ച് ഒാരോ വിഭാഗത്തിനും സമയം അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, 13 സീറ്റിനു മുകളിലുള്ള കോൺട്രാക്ട് കാര്യേജുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ, സ്റ്റേജ് കാര്യേജുകൾ, ചരക്കുവാഹനങ്ങൾ, ഒാൺലൈൻ ടാക്സി ഉൾപ്പെെടയുള്ള ടാക്സി വാഹനങ്ങൾ എന്നിങ്ങനെയാണ് വേർതിരിച്ചത്.
ഒാരോ വിഭാഗത്തിനും നൽകിയ സമയം കഴിഞ്ഞിട്ടും സംവിധാനങ്ങൾ സ്ഥാപിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിൽ ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഇത്തരം വാദങ്ങൾ ബാധ്യത നിറവേറ്റാതിരിക്കാനുള്ള കഴമ്പില്ലാത്ത കാരണങ്ങൾ മത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ചട്ടഭേദഗതി നിലവിൽ വന്നിട്ട് രണ്ടര വർഷം കഴിഞ്ഞു. മോട്ടോർ വാഹന വകുപ്പ് ഒാഫിസുകൾ ഇതിനനുസരിച്ചു സജ്ജമാക്കാൻ അനുവദിച്ച 13 കോടി സർക്കാർ സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും നിയമം നടപ്പാക്കാതിരിക്കുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.