വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി
text_fieldsപാനൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും.
തലശ്ശേരി വ്യവസായ പാർക്കിലെ 'ഫാൻസി ഫൺ' സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
ബാലസാഹിത്യകാരൻ പരേതനായ കെ. തായാട്ടിന്‍റെ മകനാണ് രാജ് കബീർ. ഇരുവരെയും കാണാതായിട്ട് രണ്ടുദിവസമായി. 57കാരനായ രാജ് കബീറും ഭാര്യയും രണ്ടുമക്കളും താഴെ ചമ്പാടാണ് താമസം. രാജ് കബീർ ഉടമസ്ഥനായ സ്ഥാപനത്തിന്റെ പ്രവർത്തനം തലശ്ശേരി നഗരസഭ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലവിലുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടിവന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാർഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ് കബീറിന്റെ വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നുണ്ട്.
പലതവണ നഗരസഭ ചെയർപേഴ്സനെയും വൈസ് ചെയർമാനെയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നു. സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാടാണത്രെ ഉണ്ടായത്. എന്നാൽ, ആരോപണം തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി നിഷേധിച്ചു. നഗരസഭയുടെ സ്ഥലം കൈയേറിയതുകൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് ഇവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.