ലോക്ഡൗണും വേനൽമഴയും റബർമേഖല പ്രതിസന്ധിയിൽ ഉൽപാദനം കുറയുന്നു
text_fieldsകോട്ടയം: ലോക്ഡൗണും വേനൽമഴയും റബർ കർഷകരെയും ടാപ്പിങ് തൊഴിലാളികളെയും വ്യാപാരികളെയും ഒന്നുപോലെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മധ്യകേരളത്തിലടക്കം സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന ചെറുകിട കർഷകരിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ നേരിടുന്നത് കനത്ത ദുരിതവും.
ദിവസങ്ങളായി തുടരുന്ന മഴയിൽ ടാപ്പിങ് നിലച്ചതും തിരിച്ചടിയായി. മലയോര മേഖലയിലാണ് പ്രതിസന്ധിയേറെ. ഇവിടെ കർഷകരും തൊഴിലാളികളും അർധപട്ടിണിയിലാണ്. ബാങ്ക് വായ്പ പോലും ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
വായ്പ തിരിച്ചടക്കാൻ കഴിയാത്തവരും നിരവധി. റബർ വില ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും ലോക്ഡൗണിൽ വ്യാപാര മേഖല സ്തംഭിച്ചതോടെ കച്ചവടവും നടക്കുന്നില്ല. 169 രൂപവരെയാണ് വില. അന്താരാഷ്ട്ര മാർക്കറ്റിലും ആഭ്യന്തര മാർക്കറ്റിലും മെച്ചപ്പെട്ട വിലയുണ്ടെങ്കിലും ആവശ്യക്കാർ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. അന്താരാഷ്ട്ര മാർക്കറ്റിൽ 173-174 രൂപവരെയാണ് വില.
കർഷകർക്കൊപ്പം വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. വിപണിയിൽ സ്തംഭനാവസ്ഥ തുടർന്നാൽ വിലയിടിയുമെന്ന ആശങ്കയും കർഷകർക്കുണ്ട്. അതിനിടെ വിലയിടിക്കാൻ ടയർ ലോബിയും രംഗത്തുണ്ട്.
ചരക്കുനീക്കം സുഗമമെല്ലന്ന സ്ഥിതിയും നിലനിൽക്കുന്നു. പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സർക്കാരോ റബർ ബോർഡോ നടപ്പാക്കിയിട്ടില്ല. റബർ കർഷകർക്കായി പ്രേത്യക പാക്കേജ് വേണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കർഷകരെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോയാൽ ഉൽപാദനം ഗണ്യമായി കുറയുമെന്നാണ് റിപ്പോർട്ട്.
ഈ മാസം മാത്രം ഉൽപാദനത്തിൽ 15,000 ടൺ വരെ കുറയുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ മാസം റബർ ബോർഡിെൻറ കണക്കനുസരിച്ച് ഉൽപാദനത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു -45,000 ടൺ. ഈ മാസം ഉൽപാദനം അരലക്ഷം ടൺ കവിയുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.
അതിനിടെ റെയിൻ ഗാർഡ് സംവിധാനമുള്ള തോട്ടങ്ങളിൽ തൊഴിലാളി ക്ഷാമവും നേരിടുന്നു. സംസ്ഥാനത്തുള്ള ചെറുകിട റബറധിഷ്ഠിത യൂനിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യവസായ യൂനിറ്റ് ഭാരവാഹികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.