ലോക്ഡൗൺ മാനദണ്ഡം മാറ്റി; കടകൾ തിങ്കൾ മുതൽ ശനി വരെ തുറക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കാനും ബാക്കി ആറ് ദിവസവും രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ എല്ലാ കടകളും തുറക്കാനും സാധ്യത. ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ മാറ്റി രോഗികളുടെ എണ്ണം നോക്കിയാകും ഇനി നിയന്ത്രണം. കൂടുതൽ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും വരും. ചൊവ്വാഴ്ച ചേർന്ന അവലോകനയോഗം ഇതുസംബന്ധിച്ച് തത്വത്തിൽ തീരുമാനമെടുത്തു. പുതിയ നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിദഗ്ധസമിതിയുടെ ശിപാർശകൾ അവലോകനയോഗം വിശദമായി ചർച്ച ചെയ്തു.
അശാസ്ത്രീയ ലോക്ഡൗണാണ് നടപ്പാക്കുന്നതെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ശനിയാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കാനും കടകൾ തുറക്കുന്നതിലെ നിയന്ത്രണങ്ങൾ മാറ്റാനുമുള്ള തീരുമാനം. ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാനുള്ള നിർദേശവും പരിഗണിച്ചിട്ടുണ്ട്. ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം. നൂറോ, ആയിരമോ ആളുകളിൽ എത്ര പേർ േപാസിറ്റീവാണെന്ന് നോക്കിയാവും വ്യാപനം വിലയിരുത്തുക. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായി തിരിച്ച് അടച്ചിടും.
വാക്സിനെടുത്തവരും കോവിഡ് വന്ന് പോയവരുമായി കേരളത്തിലെ അമ്പത് ശതമാനത്തിലേറെ പേർക്ക് പ്രതിരോധ ശേഷിയുണ്ടെന്നും ഈ കണക്കിൽ വിശ്വസിച്ച് ജനജീവിതം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ടി.പി.ആർ രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചുപൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറക്കണമെന്ന് ഐ.എം.എ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഓണത്തിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാത്ത പക്ഷം സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടായേക്കാമെന്ന വിലയിരുത്തലുണ്ടായി. അതിെൻറ അടിസ്ഥാനത്തിലാണ് ആറ് ദിവസവും കടകൾ തുറക്കാനുള്ള തീരുമാനം. ഇൗമാസം ഒമ്പത് മുതൽ കടകൾ സ്വന്തം നിലയ്ക്ക് തുറക്കുമെന്ന് വ്യാപാരികളും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.